കോതമംഗലം: ശക്തമായ കാറ്റിൽ താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ നാശം. ഒരു വീട് പൂർണമായും പത്തോളം വീടുകൾ ഭാഗികമായും തകർന്നു. മലയൻകീഴ് കീഴേമാടൻ അജിയുടെ വീടാണ് വാസയോഗ്യമല്ലാത്ത വിധം നശിച്ചത്. മേച്ചിൽ ഓടുകൾ കാറ്റ് പറത്തി കൊണ്ടുപോയി. മേൽകൂര നശിച്ചു. ഭിത്തിയിലും വിള്ളൽ വീണിട്ടുണ്ട്. അജിയുടെ പ്രായമായ അമ്മയും കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഭാര്യ ഓടി മാറിയതിനാൽ പരുക്കില്ലാതെ രക്ഷപ്പെട്ടു. പരിസരത്തെ ഏതാനും വീടുകൾ കൂടി ഭാഗീകമായി നശിച്ചിട്ടുണ്ട്. വൻ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. ഓണ വിപണി പ്രതീക്ഷിച്ച് ഏത്തവാഴ കൃഷി ചെയ്തവർക്കാണ് ഭീമമായ നഷ്ടം സംഭവിച്ചിട്ടുള്ളത്. ജാതി, റബർ, കപ്പ കൃഷിയിടങ്ങളും വൻ മരങ്ങളും വൈദ്യുത പോസ്റ്റുകളും കാറ്റ് കശക്കിയെറിഞ്ഞു. കോതമംഗലം- തട്ടേക്കാട് റോഡിൽ ഏറെ നേരം ഗതാഗത തടസ്സവും ഉണ്ടായി.
രാവിലെ പത്തു മണിയോടെ വീശിയടിച്ച ചുഴലിക്കാറ്റാണ് നാശം വിതച്ചത്. നശിച്ച വീടുകളും കൃഷിയിടങ്ങളും യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം സന്ദർശിച്ചു. നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ ഉടൻ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.