കോതമംഗലം: മതികെട്ടാൻചോല ബഫർസോൺ ഒന്നരകിലോമീറ്റർ ആക്കി നിജപ്പെടുത്തിയതിൻറെ പേരിൽ എൽ.ഡി.എഫ് സർക്കാർ ജനങ്ങളോട് മാപ്പ് പറഞ്ഞതിന് ശേഷം മാത്രമേ ആ വിഷയത്തിൽ ഹർത്താൽ നടത്താൻ ഇടതുമുന്നണിക്ക് അർഹതയുള്ളൂവെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. കേരളത്തിൽ ആകെയുള്ള വന്യജീവി സങ്കേതങ്ങളിൽ മതികെട്ടാൻ ചോലയിൽ മാത്രമാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. അതിന് കാരണമായത് 2019 ൽ വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ വരെ ബഫർസോൺ ആകാം എന്ന് എൽ.ഡി.എഫ് സർക്കാർ നൽകിയ റിപ്പോർട്ടിൻറെ അടിസ്താനത്തിലാണ്. അതിൻറെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിക്കുകയും പിന്നീട് അന്തിമ വിജ്ഞാപനമായി പുറപ്പെടുവിക്കുകയുമായിരുന്നു.
മതികെട്ടാൻ ചോലയുടെ തമിഴ്നാട് പ്രദേശത്തെ 0 കി.മി ബഫർസോണും കേരള പ്രദേശത്ത് 1 കി.മി. ബഫർസോണും വന്നത് സംസ്ഥാന സർക്കാരിൻറെ ജനവിരുദ്ധ നിലപാടാണ്. സംസ്ഥാന സർക്കാർ നിലപാട് മാറ്റിക്കൊടുത്തിരുന്നെങ്കിൽ പൂജ്യം ബഫർസോണായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുമായിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് സംഭവിച്ചത് വൻ വീഴ്ചയാണ്. യഥാർത്ഥത്തിൽ എൽ.ഡി.എഫ് സർക്കാർ ഈ തെറ്റ് ജനങ്ങളോട് ഏറ്റ് പറഞ്ഞതിന് ശേഷം മാത്രമേ ഈ വിഷയവുമായി ബന്ധപ്പെട്ട് സമരത്തിനിറങ്ങാമായിരുന്നൊള്ളൂ വൂവെന്നും ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു.