കവളങ്ങാട്: വെള്ളക്കെട്ട് ഒഴിവാക്കാൻ ലക്ഷങ്ങൾ മുടക്കി നടത്തിയ നിർമ്മാണം വെള്ളത്തിലായി, അശാസ്ത്രീയമായ രീതിയിൽ നടത്തിയ റോഡ് നിർമ്മാണമാണ് കുത്തുകുഴി മാരമംഗലം ജംങ്ങ്ഷനിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്ന് എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനോജ് ഗോപി പറഞ്ഞു. കാലങ്ങളായി ഈ കവലയിൽ ചെറിയ മഴ പെയ്താൽ പോലും വലിയ രീതിയിൽ വെള്ളക്കെട്ട് ഉണ്ടാകുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് റോഡ് ഉയർത്തി ഇൻ്റർലോക്ക് വിരിച്ചിരുന്നു. എന്നാൽ സമീപ പ്രദേശത്ത് അടുത്തയിടെയുണ്ടായ സ്വകാര്യ വ്യക്തികളുടെ ബിൽഡിംഗ് നിർമ്മാണവും കാലങ്ങളായി പ്രദേശത്ത് ഉണ്ടായിരുന്ന കാനയും അപ്രത്യക്ഷമായി. റോഡ് ഉയർത്തി കട്ട വിരിക്കുന്നതിനൊപ്പം കാന തീർക്കാത്തതും സ്വകാര്യ വ്യക്തികളുടെ ബിൽഡിങ്ങിനു മുന്നിൽ റോഡ് മുട്ടിച്ച് ഉയർത്തി കോൺഗ്രീറ്റ് ചെയ്തതും താഴ്ന്ന പ്രദേശമായ യാക്കോബായ ചാപ്പലിനു മുന്നിൽ റോഡിൽ വൻതോതിൽ വെള്ളക്കെട്ട് രൂപപ്പെടാർ കാരണമായതെന്നാണ് പറയുന്നത്.
ചാപ്പലിനുള്ളിൽ പ്രാർത്ഥനക്കെത്തുന്ന വിശ്വാസികളുടെ ദേഹത്തേക്കും ആൾത്താരയിലേക്ക് പോലും വാഹനങ്ങൾ പോകുമ്പോൾ കെട്ടിക്കിടക്കുന്ന മലിനജലം തെറിക്കുന്നുണ്ട്. കാൽനടയാത്രക്കാർ ചാപ്പലിനുള്ളിലൂടെയാണ് മലിനജലത്തിൽ ചവിട്ടാതെ നടന്ന് പോകുന്നത്. ആയതിനാൽ എത്രയും പെട്ടെന്ന് പ്രദേശത്തെ അശാസ്ത്രീയ റോഡ് നിർമ്മാണത്തിലെ അപാകതകൾ പൊളിച്ച് പരിഹരിച്ച് റോഡിനിരുവശവും കാനകൾ തീർത്ത് വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനോജ് ഗോപിയും നിയോജക മണ്ഡലം പ്രസിഡൻ്റ് വാവച്ചൻ തോപ്പിൽ കുടിയും ആവശ്യപ്പെട്ടു.
ഫോട്ടോ: വെള്ളക്കെട്ട് ഒഴിവാക്കാൻ കുത്തുകുഴി കുടമുണ്ട കവലയിൽ ലക്ഷങ്ങൾ മുടക്കി നവീകരണ പ്രവർത്തനം നടത്തിയിട്ടും അശാസ്ത്രീയ നിർമ്മാണം മൂലം റോഡിലെ വെള്ളക്കെട്ട് പഴയപടിയും കൂടുതൽ ദുസ്സഹവുമായി വെള്ളം കെട്ടിക്കിടക്കുന്ന കാഴ്ച.