കോതമംഗലം: കോതമംഗലം നഗരസഭ ആരോഗ്യ സ്ഥിരം സമതി അധ്യക്ഷൻ കെ വി തോമസ് രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭക്ക് മുന്നില്‍ നടത്തിയ ധർണ്ണ രാഷ്ട്രീയ പ്രേരിതവും വാസ്തവ വിരുദ്ധവുമാണന്ന് നഗരസഭ ചെയർമാൻ കെ കെ ടോമി. കഴിഞ്ഞ ബുധൻ വൈകിട്ട് കെ വി തോമസിനെ വീട്ടിൽ കയറി സഹോദര പുത്രൻ എളമക്കര കുടിയാറ്റ് ടിനോ (30)യുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും തോമസിനെ ഗുരുതരാവസ്ഥയിൽ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ കഴിയുകയുമാണ് . പ്രതികളെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് കോടതി റിമാൻ്റ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലിലാണ്.
ഭർത്താവ് അറസ്റ്റിലായതിനെ തുടർന്ന് 2019 ഫെബ്രുവരി 10ന് കെ വി തോമസ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പ്രതിയുടെ ഭാര്യ മജിസ്ടേറ്റിന് മുന്നിൽ രഹസ്യ മൊഴി കൊടുത്തുതിന് ശേഷം മാധ്യമങ്ങളുടെ മുന്നിൽ നുണക്കഥയുമായി രംഗത്ത് വന്നിരിക്കുകയാണ് . ഇത് വ്യക്തിപരമായി കെ വി തോമസിനെ മോശക്കാരനായി ചിത്രീകരിച്ച് അവഹേളിക്കാനും അതുവഴി തോമസ് പ്രതിധാനം ചെയ്യുന്ന സി പി ഐ എം നേയും എൽ ഡി എഫിനേയും അപകീർത്തിപ്പെടുത്താനുള്ള ഗൂഡ നീക്കമാണന്നും ചെയർമാൻ കെ കെ ടോമി പ്രസ്താവനയിലറിയിച്ചു. പീഡന കേസിൽ നിന്ന് ഒഴിവാക്കാൻ ആൻ്റണി ജോൺ എം എൽ എ ശ്രമിക്കുകയാണന്നുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണ് . നിലവിൽ കെ വി തോമസിനെതിരെ കോതമംഗലം പൊലിസ് സ്റ്റേഷനിൽ യാതൊരു വിധ കേസും രജിസ്ടർ ചെയ്തിട്ടില്ല .നിയമപരമായ കേസന്വേഷണത്തിന് എൽ ഡി എഫ് എതിരല്ല . സഹപ്രവർത്തകന് കുത്തേറ്റതറിഞ്ഞ് ആശുപത്രിയിലെത്തി സന്ദർശിച്ച മനുഷത്യപരമായ ഇടപെടലാണ് ആൻ്റണി ജോൺ എം എൽ എ നടത്തിയത് . അദ്ദേഹത്തെ അനാവശ്യ വിവാദത്തിലേക്ക് തള്ളി വിടുന്നത് അപലനീയമാണ് . കഴിഞ്ഞ ദിവസം കോതമംഗലം നഗരസഭയിൽ നടന്ന കുടുംബശ്രീ സി ഡി എസ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഉജ്ജല വിജയം നേടിയിരുന്നു . ഇതിലുള്ള ജാള്യത മറക്കാനാണ് നഗരസഭക്ക് മുന്നിൽ അനാവശ്യ സമരവുമായി യു ഡി എഫ് രംഗത്ത് വന്നിരിക്കുന്നതെന്നും നഗരസഭ ഭരണം അട്ടിമറിക്കാനുള്ള യു ഡി എഫിൻ്റെ നീക്കം വിഫലമാകുമെന്നും
ചെയർമാൻ കെ കെ ടോമി വ്യക്തമാക്കി .