പോത്താനിക്കാട് : മൊബൈൽ ടവറുകളിലെ ബാറ്ററി മോഷണം പ്രതികൾ പിടിയിൽ. ആനിക്കാട് യൂപി സ്കൂളിന് സമീപം ഉള്ള മൊബൈൽ ടവറിലെ 22 ബാറ്ററികൾ മോഷ്ടിച്ച കേസിലെ പ്രതികളായ പത്തനംതിട്ട റാന്നി കരിംകുളം കരയിൽ, കല്ലുഴത്തിൽ വീട്ടിൽ ഷൈജു ചാക്കോ (26, ഫസീർ), മുവാറ്റുപുഴ മുളവൂർ പുന്നോപ്പടി കരയിൽ, ചെളികണ്ടത്തിൽ വീട്ടിൽ ഷെഹർഷാ മുഹമ്മദ് (27), ആലപ്പുഴ മണ്ണാംച്ചേരി കലവൂർ കുളങ്ങര തയ്യിൽ വീട്ടിൽ നിന്നും ഇപ്പോൾ മുളവൂർ പുന്നോപടി കരയിൽ വാടകക്ക് താമസിക്കുന്ന ഷെമീർ സഫർ (31), പള്ളുരുത്തി ഇടക്കൊച്ചി അക്വിനാസ് കോളേജ് ഭാഗത്ത് കൃഷ്ണക്ഷേത്രത്തിന് സമീപം പൂപ്പന വീട്ടിൽ ജോർജ് നിബി (34), വെള്ളൂർകുന്നം വാഴപ്പിള്ളി എകെജി നഗർ ഭാഗത്ത് പൂക്കോട്ടിൽ വിഷ്ണു സോമൻ (23), വെള്ളൂർകുന്നം വാഴപ്പിളളി എകെജി നഗർ ഭാഗത്ത് പോട്ടെകണ്ടത്തിൽ വീട്ടിൽ വിഷ്ണു രാജൻ (23) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്.
ആനിക്കാട് ഉള്ള മൊബൈൽ ടവറിലെ ബാറ്ററി പോയ സിഗ്നൽ കമ്പനിയിൽ ലഭിച്ചതിനെ തുടർന്ന് മുവാറ്റുപുഴ പോലീസിൽ കമ്പനിക്കാർ പരാതി നൽകുകയായിരുന്നു. മുവാറ്റുപുഴ ഡി വൈ എസ് പി എസ്.മുഹമ്മദ് റിയാസിൻറെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എം.കെ.സജീവൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മോഷണം പോയി മണിക്കൂറുകൾക്കുള്ളിൽ തന്നെ ബാറ്ററിയും അത് കടത്തികൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി റിറ്റ്സ് കാറും പ്രതികളെയും തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു. കൂടുതൽ മോഷണത്തിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ എസ് ഐ വി.കെ.ശശികുമാർ, എ എസ് ഐ പി.സി.ജയകുമാർ, സി പി ഒമാരായ അബ്ദുൽ സലാം, ടി.കെ.സജേഷ്, സി.കെ.ശിഹാബ്, ജിസ്മോൻ എന്നിവരും ഉണ്ടായിരുന്നു.