കോതമംഗലം : ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ മോഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. മോഫിയയുടെ ഭര്‍ത്താവ് സുഹൈലാണ് കേസിലെ ഒന്നാം പ്രതി. രണ്ടും മൂന്നും പ്രതികള്‍ സുഹൈലിന്റെ മാതാപിതാക്കളാണ്. ഗാര്‍ഹിക പീഡനവും സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും മോഫിയക്ക് നേരിടേണ്ടി വന്നുവെന്നും ഇതുണ്ടാക്കിയ കടുത്ത മാനസിക സംഘര്‍ഷമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തിലുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ മോഫിയയെ സുഹൈല്‍ പലതവണ പീഡിപ്പിച്ചുവെന്നും യുവതിക്ക് കൊടിയ പീഡനങ്ങളാണ് ഏല്‍ക്കേണ്ടി വന്നതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. പണം ചോദിച്ച് പല തവണ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.
മോഫിയയെ ഏകദേശം മൂന്ന് മാസത്തോളം ഭര്‍ത്താവിന്റെ കോതമംഗലം നെല്ലിക്കുഴിയിലുള്ള വീട്ടില്‍ വെച്ച് സ്ത്രീധനത്തിന്റെ പേരില്‍ അടിമപ്പണി ചെയ്യിച്ചു. പല തവണ ഭര്‍ത്താവ് മോഫിയയെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയെന്നും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. മോഫിയയെ സുഹൈൽ നിരന്തരം മർദിച്ചിരുന്നുവെന്നും ഈ മർദനമാണ് മോഫിയയുടെ ആത്മഹത്യ വരെ എത്തിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തൽ. സുഹൈലിന്റെ അമ്മയും മോഹിയയെ നിരന്തരം മർദിച്ചുവെന്നാണ് കുറ്റപത്രം പിതാവ് യൂസഫ് മർദനത്തിന് കൂട്ടുനിന്നു ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവ് ആണ് കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ സുഹൈൽ ജയിലിലാണ്. സുഹൈലിന്റെ മാതാപിതാക്കൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 21നാണ് സുഹൈലിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കുന്നത്. ഇതിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചതോടെ കേസിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.