കോതമംഗലം : എടുത്താൽ പൊങ്ങാത്ത ഒരു പുരസ്കാര നേട്ടത്തിന് നിറവിലാണ് രണ്ടു വയസ്സും ഏഴു മാസവും പ്രായമുള്ള സെബ നെഹ്റ എന്ന മിടുക്കികുട്ടി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ആണ് സെബയുടെ ബുദ്ധിശക്തി ഇടംപിടിച്ചിരിക്കുന്നത്.
കോതമംഗലം നെല്ലിക്കുഴി സ്വദേശികളായ തോട്ടത്തിക്കുളം കുടുംബാംഗം അഡ്വ. ബാബുസാലിഹിന്റെയും അഡ്വ. റഹീമ ബഷീറിന്റെയും മകളാണ് സെബ.
15 ഫ്രൂട്ട്സ്, 12 വാഹനങ്ങൾ, 10 ദേശീയപതാകകൾ, 8 ദേശീയചിഹ്നങ്ങൾ, ശരീരത്തിലെ 16 അവയവങ്ങൾ, 17 മൃഗങ്ങൾ, 11 പച്ചക്കറികൾ, 10 കിളികൾ 19 ഫുഡ് ഐറ്റംസ് തുടങ്ങിയവ ഈ കൊച്ചുമിടുക്കി ഓർമ്മകളിൽ കോർത്തിണക്കി അനായാസം പറയും. നേട്ടങ്ങളുടെ പട്ടിക മേൽപ്പറഞ്ഞതിൽ അവസാനിക്കുന്നില്ല. 19 ഇനങ്ങളാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരത്തിനായി പരിഗണിച്ചത്. മുതിർന്ന കുട്ടികൾ പോലും ഗ്രഹിക്കാൻ ബുദ്ധിമുട്ടുന്ന കാര്യങ്ങൾ എളുപ്പം മനപാഠമാക്കി അവതരിപ്പിക്കുന്ന സെബ വിസ്മയം നിറഞ്ഞ അറിവുകളാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. പ്രായത്തിന്റെ പുഞ്ചിരി മുഖത്ത് തെളിയുന്നുവെങ്കിലും അറിവിന്റെ കാര്യത്തിൽ അത്ര കുഞ്ഞല്ല സെബ.
സിവിൽ സർവീസിന് തയ്യാറെടുക്കുന്ന ഉമ്മ റഹീമ പഠിക്കുമ്പോൾ കൂടെ വന്നിരിക്കുന്ന സെബയോട് ചെറിയ ചെറിയ കഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു. അങ്ങനെയാണ് സെബയ്ക്ക് മുന്നിൽ അറിവിന്റെ ലോകം തുറന്നു കിട്ടുന്നത്.
ഗാന്ധിജിയുടെ ചിത്രം കാണിച്ച് കഥ പറഞ്ഞത് മനപ്പാഠമാക്കിയ സെബ ഒരിക്കൽ ഒരു യാത്രയ്ക്കിടയിൽ പരസ്യബോർഡിൽ ഗാന്ധിജിയുടെ ചിത്രം കണ്ടു തിരിച്ചറിഞ്ഞ് ആ നാമം ഉച്ചരിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കുട്ടിയുടെ കഴിവിനെ മാതാപിതാക്കൾ ശ്രദ്ധിച്ചുതുടങ്ങിയത്. ഒരു വയസ്സിൽ താഴെ പ്രായമുള്ളപ്പോഴായിരുന്നു ഈ സംഭവം.
കുട്ടിയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി മാതാപിതാക്കൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. അവർ ആവശ്യപ്പെട്ടതുപ്രകാരം ചിത്രങ്ങളും വസ്തുക്കളും കുട്ടി തിരിച്ചറിയുന്നതിന്റെ വീഡിയോകൾ തയ്യാറാക്കി നൽകുകയും ചെയ്തിരുന്നു.
രണ്ടു വയസ്സും ഏഴു മാസവും പ്രായമുള്ളപ്പോഴാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം കുഞ്ഞു സെബയ്ക്ക് ലഭിക്കുന്നത്. അനുമോദന സർട്ടിഫിക്കറ്റും മെഡലും ഐഡന്റിറ്റി കാർഡും അധികൃതർ അയച്ചു നൽകിയിട്ടുണ്ട്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയ സെബാ നെഹ്റയെ തോട്ടത്തിക്കുളം വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഗ്രൂപ്പ് അഡ്മിൻ ജസിൽ തോട്ടത്തിക്കുളം ഉപഹാരം സമർപ്പിച്ചു. ടി എസ് ഹസൻ, നജീബ് ടി എം, അബ്ദുൽ കബീർ ടി ഇ, ഷെഫീഖ് ടി എ തുടങ്ങിയവർ പങ്കെടുത്തു.