കുട്ടമ്പുഴ : സത്രപ്പടി മേഖലയിലെ റബ്ബർ തോട്ടങ്ങളിലാണ് കാട്ടാനയുടെ വിളയാട്ടം ഉണ്ടായത്. മാമ്പുള്ളി എസ്റ്റേറ്റിലും, അറമ്പൻകുടിയുടെ തോട്ടത്തിലുമാണ് കാട്ടാന റബ്ബർ മരങ്ങൾ ചവിട്ടി ഓടിച്ചു നശിപ്പിച്ചിരിക്കുന്നത്. തൈമരം മുതൽ ആദായം നൽകുന്ന മരം വരെ ഏകദെശം മുപ്പത്തോളം റബ്ബർ മരങ്ങളാണ് കാട്ടാന നശിപ്പിച്ചിരിക്കുന്നത്. മാമ്പുള്ളി എസ്റ്റേറ്റിലെ റബർ ,കാപ്പി, പ്ലാവ് മുതലായവയും, വന്യ മൃഗ ശല്യം നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ച കാവലൽ പുരയും കാട്ടാന നശിപ്പിച്ചു.
റബ്ബർ തോട്ടങ്ങളിൽ കാട്ടാനയുടെ ആക്രമണം വർദ്ധിക്കുന്നത് ടാപ്പിംഗ് തൊഴിലാളികളുടെ മനസ്സിൽ ഭീതിയാണ് ജനിപ്പിക്കുന്നത്. വെളുപ്പിന് റബ്ബർ തോട്ടത്തിൽ കാട്ടാനയുണ്ടാകുമോ എന്ന ഭയവും ഇവരെ അലട്ടുന്നു. ജീവൻ പണയം വെച്ചാണ് അതിരാവിലെ ടാപ്പിംഗ് ജോലിക്കായി ഇറങ്ങുന്നത് എന്ന് ടാപ്പിങ് തൊഴിലാളിയായ പി.കെ സജിയും ഭാര്യ സുധയും വെളിപ്പെടുത്തുന്നു. തങ്ങളുടെ ജീവന് സംരക്ഷണം ഒരുക്കണമെന്നും, കാട്ടാനയുടെ ആക്രമണം തടയുവാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ഇവർ ആവശ്യപ്പെടുന്നു.