കോതമംഗലം: ഇന്ന് ലോക സാക്ഷരതാ ദിനം. നിരക്ഷരരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപെടുത്താനാണ് ഈ ദിനാചാരണം നടത്തുന്നത്. ഓരോ മനുഷ്യരും സാക്ഷരരാകേണ്ടതിൻെറ ആവശ്യകത വിളിച്ചോതിയാണ് വീണ്ടുമൊരു സാക്ഷരത ദിനം കടന്ന് വരുന്നത്. ഈ ദിനം ആചരിക്കുമ്പാൾ, അക്ഷരവെളിച്ചം തെളിക്കാൻ നാന്ദി കുറിച്ചതിൻെറ നിർവൃതിയിലാണ് എറണാകുളം ജില്ലയിലെ പോത്താനിക്കാട് ഗ്രാമം . ഇന്ത്യയിലെ ആദ്യസമ്പൂർണ സാക്ഷരത ഗ്രാമമാണിത്. നിരക്ഷരതയെ തുടച്ചുനീക്കാൻ ഒരു ഗ്രാമം ഒന്നായി ശ്രമിച്ചതിൻെറ ഓർമ നിലനിർത്തി പോത്താനിക്കാട് സ്റ്റാൻഡിൽ സാക്ഷരത സ്തൂപവും നിലകൊള്ളുന്നു.
1990 മാർച്ച് 17ന് പോത്താനിക്കാട് ചേർന്ന സമ്മേളനത്തിൽ ഹൈകോടതി ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണനാണ് സമ്പൂർണ സാക്ഷരത നേടിയ വിവരം പ്രഖ്യാപിച്ചത്. ഇതിൻെറ തുടർച്ചയായാണ് സംസ്ഥാനത്ത് സാക്ഷരത പ്രവർത്തനങ്ങൾക്ക് ഗതിവേഗമായത്. നിരക്ഷരായി ഉണ്ടായിരുന്ന 487 പേരെ സാക്ഷരരാക്കാൻ 1989 മേയ് 21ന് ആരംഭിച്ച യജ്ഞമാണ് ഒരു ഗ്രാമത്തെ മുഴുവൻ സാക്ഷരരാക്കി മാറ്റിയത്. പഞ്ചായത്ത് പ്രസിഡൻറ് കെ.സി. പൈലി ചെയർമാനായി സാക്ഷരത സമിതി, നിരക്ഷരെ ക്ലാസിലെത്തിക്കാൻ കലാജാഥ, സിനിമ പ്രദർശനം, കണ്ണ് പരിശോധന ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിച്ചു.
ഒരു മാസത്തെ കഠിനപ്രയത്നത്തിലൂടെ പഠിതാക്കൾ സ്വയം പേരെഴുതി ഒപ്പിടുന്നതിനും പൊതുവിജ്ഞാനം ആർജിക്കുകയും ചെയ്തു.1989 ജൂൺ 26 ജില്ല കലക്ടർ ‘പോത്താനിക്കാട് പഞ്ചായത്ത് ഇന്ത്യയിലെ ആദ്യസമ്പൂർണ സാക്ഷരത കൈവരിച്ച ഗ്രാമം’ എന്ന് സാക്ഷ്യപ്പെടുത്തി. പ്രഖ്യാപനത്തെ ചോദ്യംചെയ്ത് ചിലർ രംഗത്ത് വന്നതിനെ തുടർന്ന് വീണ്ടും പഠിതാക്കളെ പരീക്ഷക്ക് വിധേയമാക്കി പ്രഖ്യാപനം അംഗീകരിക്കുകയായിരുന്നു. സമ്പൂർണ സാക്ഷരതക്ക് നിത്യസ്മാരകം വേണമെന്ന ചെയർമാൻെറ താൽപര്യമാണ് ഭൂഗോളത്തിനു മുകളിൽ മലയാള അക്ഷരങ്ങളിലേക്ക് വെളിച്ചം തെളിച്ചുനിൽക്കുന്ന തൊഴിലാളി സ്ത്രീയുടെ ശിൽപം.