കോതമംഗലം : കവളങ്ങാട് പഞ്ചായത്തിലെ പരീക്കണ്ണിയിലും പരിസര പ്രദേശങ്ങളിലും സമീപപ്രദേശത്തെ കാടുകളിൽ പെറ്റുപെരുകിയ ചെന്നായ് കൂട്ടം നാട്ടിലിറങ്ങി മനുഷ്യരേയും മൃഗങ്ങളേയും അക്രമിക്കുന്നത് നിത്യസംഭവമാകുന്നു. ഇതുമൂലം പുറത്തിറങ്ങാൻ ഭയത്തിലാണ് നാട്ടുകാർ. കഴിഞ്ഞ ഒരു മാസത്തിനിടക്ക് പത്തോളം പേർക്കാണ് കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഗുരുതര പരിക്ക് പറ്റിയ പരീക്കണ്ണി കൽപകശ്ശേരിയിൽ ലില്ലി ജോസഫ് (83) നെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉപ്പുകുഴി വള്ളക്കടവ് കാഞ്ഞിരത്തിങ്കൽ വീട്ടിൽ ചാക്കോച്ചൻ (60) മകൻ ജയിംസ് (19), പരീക്കണ്ണി കൽപകശ്ശേരിയിൽ സാലി അലോഷ്യസ് (55) എന്നിവരും കാട്ടുചെന്നായ് ആക്രമണത്തിൽ മുറിവേറ്റ് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ രാത്രി ഇലവുംകൂടി വീട്ടിൽ സാബുവിന്റെ വളർത്തുനായയെ ചെന്നായ് കടിച്ചു കീറി കൊന്നു.
ചെന്നായ് അക്രമണത്തിൽ പരിക്കേറ്റവർക്കും മൃഗങ്ങൾ ചത്ത വർക്കും നഷ്ടം നൽകാൻ ഫോറസ്റ്റ് അധികാരികൾ തയ്യാറാവണമെന്ന് അക്രമണത്തിനിരയാവരെയും സ്ഥലവും സന്ദർശിച്ച ജനതാദൾ (എൽ.ജെ.ഡി) സംസ്ഥാന സമിതി അംഗം മനോജ് ഗോപി ആവശ്യപ്പെട്ടു. വിഷയം വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ നിവേദനം നൽകിയതായും അദ്ദേഹം പറഞ്ഞു.