- ജെറിൽ ജോസ് കോട്ടപ്പടി
കോതമംഗലം: കാട്ടാന ശല്യം മൂലം പൊറുതിമുട്ടിയ കോട്ടപ്പടി പിണ്ടിമന പഞ്ചായത്തുകളിലെ ജനങ്ങൾ തങ്ങളുടെ സ്ഥലങ്ങളിലേക്ക് ആന അതിക്രമിച്ച് കയറുന്നത് തടയാനായി വൈദ്യുതി വേലി നിർമ്മിക്കാൻ ആരംഭിച്ചു. പിണ്ടിമന പഞ്ചായത്തിലെ പഴയ ഭൂതത്താൻകെട്ടിൽ നിന്ന് ആരംഭിച്ചു കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറ കൂവകണ്ടത്ത് തീരുന്ന 14 കിലോമീറ്റർ ദൈർഘ്യമുള്ള വൈദ്യുതി വേലിയാണ് ജനങ്ങളുടെ മേൽനോട്ടത്തിൽ നിർമ്മിക്കുന്നത്. ഏറെ നാളുകളായി കാട്ടാന ശല്യം അതിരൂക്ഷമായ പഞ്ചായത്തുകളാണ് കോട്ടപ്പടിയും പിണ്ടിമനയും.
പലപ്പോഴും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് നിർമ്മിച്ചിരിക്കുന്ന വൈദ്യുതി വേലി തകർത്തു ആന ജനവാസ മേഖലകളിൽ ഇറങ്ങുകയാണ് പതിവ്. ഇതിനൊരു പരിഹാരമായി ജനങ്ങളുമായി കൂടിച്ചേർന്ന് പദ്ധതി രൂപീകരിച്ചത്. ജനകീയ വേലി പൂർത്തിയായാൽ ഓരോ രണ്ടു കിലോമീറ്ററിലും മൂന്നു വാച്ചർമാരെ വീതം നിയമിക്കും. അവർക്കുള്ള ശമ്പളവും ജനകീയകൂട്ടായ്മ തന്നെ കണ്ടെത്തും. കൂടാതെ സോളാർ ലൈറ്റിംഗ്, ആനകളെ നിരീക്ഷിക്കാനുള്ള വാച്ച്ടവർ ജനകീയ വേലിയുടെ ഭാഗമായി പണിയും.
കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനപങ്കാളിത്തത്തോടെ കാട് വെട്ടുകയും ഫെൻസിംഗ് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഒരു വലിയ പദ്ധതിയുടെ തുടക്കമാണ് ഇന്നിവിടെ ആരംഭിക്കുന്നത്. ഈ പദ്ധതിയിൽ പരിപൂർണ വിജയത്തിലെത്താൻ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി കോതമംഗലം ബ്ലോക്ക് മെമ്പർ ആശ അജിൻ പറഞ്ഞു.
വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും ജനങ്ങൾ അവരുടെ സ്ഥലവും ജീവനും സംരക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനാൽ ഈ ഒരു പദ്ധതിക്ക് ജനങ്ങൾക്ക് ഒപ്പം നിൽക്കാനാണ് തീരുമാനം. ഓരോ ദിവസം കഴിയുന്തോറും വന്യമൃഗങ്ങളുടെ നാട്ടിലേക്കുള്ള കടന്നുവരവ് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പദ്ധതി വേഗം പൂർത്തീകരിക്കുന്നതിന് വേണ്ടിയുള്ള സഹായങ്ങളും ജനങ്ങൾക്ക് നൽകുമെന്ന് കോട്ടപ്പടി വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻ വ്യക്തമാക്കി.