കോതമംഗലം : കഴിഞ്ഞ മൂന്ന് ദിവസത്തെ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ തൃക്കാരിയൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നാടയുടെ ഭാഗത്ത് താമസിക്കുന്ന പയ്യനമഠത്തിൽ ജയന്തി കൃഷണമൂർത്തിയുടെ വീട് തകർന്നു. സമീപത്തുള്ള കല്ലുപാലമഠത്തിൽ കൃഷ്ണദാസിന്റ വീടിന്റെ മുറ്റവും സിറ്റ്ഔട്ടും തകർന്നു. ഇരു വീടുകൾക്കും ഇടയിലൂടെ തൃക്കാരിയൂർ വലിയ തോട്ടിലേക്കുള്ള ഡീവിയേഷൻ കനാൽ പോകുന്നുണ്ട്. ഈ കനാലിലേക്കാണ് മണ്ണിടിഞ്ഞ് കെട്ടിടം ഇടിഞ്ഞു വീണിരിക്കുന്നത്. ജയന്തിയുടെ വീടിന്റെ ഒരു വശം മുഴുവൻ ഇടിഞ്ഞു വീണിരിക്കുന്നു. ബാക്കി ഭാഗം മുഴുവൻ വിണ്ടുകീറി നാശമുണ്ടായിരിക്കുന്നു.
പശുവിനെ വളർത്തി പാൽ വിറ്റാണ് ഉപജീവനം നടത്തുന്ന കുടുംബമാണ് ജയന്തിയുടേത്. വീട് തകർന്നത്തോടെ കുടുംബം ആകെ സങ്കടത്തിലായിരിക്കുകയാണ്. റവന്യു പഞ്ചായത്ത് അധികാരികളെ വിഷയം അറിയിച്ചിട്ടുണ്ടെന്നും പ്രകൃതി ദുരന്തത്തിൽ ഉൾപ്പെടുത്തി ഇവർക്ക് നഷ്ട പരിഹാരം കൊടുക്കാൻബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാവണമെന്നും വാർഡ് മെമ്പർമാരായ ശോഭ രാധാകൃഷ്ണനും സനൽ പുത്തൻപുരക്കലും പറഞ്ഞു. വീട് തകർന്നവർക്ക് ഉടൻ അർഹമായ നഷ്ട പരിഹാരം നൽകണമെന്ന് ബിജെപി തൃക്കാരിയൂർ മേഖലാ കമ്മിറ്റിയും ആവശ്യപ്പെട്ടു.