നെല്ലിക്കുഴി : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലാണ് 8 ലക്ഷം രൂപ ചിലവഴിച്ച് ചെറുവട്ടൂർ സ്കൂൾ ഗ്രൗണ്ടിൽ ടോയ്ലറ്റുകളും ഡ്രസ്സിങ്ങ് റൂമും ഷവർ ഏരിയയും നിർമ്മിക്കുന്നത്. സ്കൂൾ ഗ്രൗണ്ടിൻ്റെ കായിക വികസനത്തിന് മുതൽകൂട്ടാകുന്ന അടിസ്ഥാനസൗകര്യങ്ങളുടെ നിർമ്മാണോൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.റ്റി.എ.പ്രസിഡണ്ട് സലാം കാവാട്ട് സ്വാഗതമാശംസിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെംബർ കെ.എം. പരീത്, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഏ.ആർ.വിനയൻ, വാർഡ് മെംബർ എം.കെ.സുരേഷ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ്ജ് ടി.എൻ.സിന്ധു, മദേഴ്സ് പി.ടി.എ.പ്രസിഡൻ്റ് റംല ഇബ്രാഹീം, പി.റ്റി.എ.വൈസ് പ്രസിഡൻ്റ് എൻ.എസ്.പ്രസാദ്, പി.റ്റി.എ. മെംബർമാരായ യൂസഫ് കാട്ടാംകുഴി, പി.എ.സുബൈർ, എം.കെ.ശശി, സ്റ്റാഫ് സെക്രട്ടറിമാരായ സന്ദീപ് ജോസഫ് (എച്ച് .എസ്.എസ്.) സി.എ.മുഹമ്മദ് (എച്ച്.എസ്), കായികാധ്യാപകൻ ടി.പ്രതാപ്കുമാർ, പി.എസ്.ഷംസുദ്ദീൻ, കെ.എ. കുഞ്ഞുമുഹമ്മദ്, പി.കെ.രാജേഷ്, ടി.എ.റിയാസ്, കെ.എ.അസ്ക്കർ, കെ.എ. ഗഫൂർ, എം.ആർ.രാജേഷ്, അഫ്സൽ ചാലിക്കടവ് എന്നിവർ സംബന്ധിച്ചു.
ഗ്രൗണ്ടിൽ കായികവും അല്ലാത്തതുമായ മൽസരങ്ങളും പരിപാടികളും നടക്കുമ്പോൾ പ്രാഥമിക ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന തരത്തിൽ രണ്ടു ടോയ്ലറ്റുകളും ഒരു ഡ്രസ്സിംങ്ങ് ക്യാബിനും ഒരുഷവർ റൂമുമാണ് ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്ലാൻ ഫണ്ടിൽനിന്നും തുകവകയിരുത്തി നിർമ്മിക്കുന്നത്. നിരവധി തവണ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മേളയും കേരളോൽസവത്തിൻ്റെ ബ്ലോക്ക് തല സ്പോർട്ട് മൽസരങ്ങളും സ്കൂൾ കായികമേളകളും അരങ്ങേറിയിട്ടുള്ള കളി മൈതാനമാണിത്. ആ നിലയിൽ കായിക പ്രാധാന്യമുള്ള സ്കൂൾ ഗ്രൗണ്ടിലേക്ക് ഓണസമ്മാനമായി ദേശീയ സ്പോർട്ട്സ് ദിനമായ ആഗസ്റ്റ് 29 ന് വളരെയേറെപ്രയോജനകരമായ വികസന പദ്ധതി എത്തിയതിൻ്റെ ആഹ്ളാദത്തിലാണ് സ്കൂൾ അധികൃതരും നാട്ടുകാരും.