കോതമംഗലം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തൃക്കാരിയൂർ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ട സംഭവത്തിൽ കേസ് അന്വേഷണം ക്രൈബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് ബിജെപി. ദേവസ്വം അസ്സി:കമ്മീഷ്ണറുടെ തൃക്കാരിയൂർ കാര്യാലത്തിന് മുന്നിൽ ബിജെപി പ്രതിഷേധം നടത്തി. ദേവസ്വം അധികൃതർ നടത്തിയ തിരിമറിയിൽ ദേവസ്വത്തിന് സ്വാധീനമുള്ള ഏജൻസികൾ അന്വേഷണം നടത്തിയാൽ ഫലപ്രദമാകില്ല. കുറ്റവാളികളെ കണ്ടെത്തുന്നതിന് ബോർഡിൽ നിന്നും വിട്ട് മറ്റൊരു അന്വേഷണ ഏജൻസി കേസ് ഏറ്റെടുക്കുന്നതാണ് നല്ലത്. കൊറോണ വ്യാപനം ചൂണ്ടിക്കാട്ടി അന്വേഷണം വൈകിപ്പിക്കുന്നത് പ്രതികൾക്ക് രക്ഷപ്പെടാനാണ്. ഇക്കാര്യത്തിൽ അടിയന്തര നടപടി ഉണ്ടാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള നൂറിലധികം ക്ഷേത്രങ്ങളിലെ ലക്ഷങ്ങൾ വിലപിടിപ്പുള്ള സ്വർണങ്ങളും, തിരുവാഭരണങ്ങളും മറ്റ് വിഗ്രഹങ്ങളും സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമിന് മുന്നിൽ സിസിടിവികൾ സ്ഥാപിക്കണമെന്ന വർഷങ്ങളായുള്ള ദേവസ്വം തീരുമാനം ഇത്രനാളായിട്ടും നടപ്പാക്കാത്തതിലും ദുരൂഹതയുണ്ട്. സ്ട്രോങ്ങ് റൂമിൽ അടിയന്തിരമായി സിസിടിവി സ്ഥാപിക്കണമെന്നും, നിരവധി ദേവസ്വം ക്ഷേത്രങ്ങളിൽ മോഷണങ്ങൾക്ക് പിടിക്കപ്പെട്ട ദേവസ്വം വാച്ചർ സ്ട്രോങ്ങ് റൂം തുറന്നപ്പോൾ റൂമിന് സമീപം എത്തിയത് എന്തിനെന്നും അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.