കോതമംഗലം : തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ തൃക്കാരിയൂർ ഗ്രൂപ്പിന് കീഴിലുള്ള നൂറിൽ പരം ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളും, ഭക്തർ വഴിപാടായി നൽകുന്ന സ്വർണ്ണം, പഞ്ചലോഹങ്ങൾ, ഉൾപ്പെടെയുള്ളവയും സൂക്ഷിക്കുന്ന ദേവസ്വം അസ്സി:കമ്മീഷ്ണറുടെ തൃക്കാരിയൂർ ആസ്ഥാനത്തുള്ള സ്ട്രോങ്ങ് റൂമിൽ കഴിഞ്ഞ ദിവസം കണക്കെടുപ്പ് നടന്നപ്പോൾ,
കോടനാട് ക്ഷേത്രത്തിൽ നിന്നും കൊണ്ട് വച്ചിരുന്ന സ്വർണ്ണത്തിൽ ക്രമക്കേട് നടന്നു എന്ന വാർത്ത പുറത്ത് വന്നിരുന്നു. സ്വർണ്ണം ഇരുന്നിടത്ത് മുക്കുപണ്ടം കണ്ടെത്തിയെന്നാണ് ആരോപണം വന്നിരിക്കുന്നത്. വിഷയത്തിൽ ദേവസ്വം ഉന്നത അധികാരികൾ മൗനം പാലിക്കുകയാണ്.. നിജസ്ഥിതി ഭക്തരോടു പറയാൻ ഇവർ കൂട്ടാക്കുന്നില്ല. ഡെപ്യൂട്ടി കമ്മീഷ്ണറോടു തിരുവിതാംകൂർ ദേവസ്വംബോർഡ് കമ്മിറ്റിയും, തിരുവാഭരണ കമ്മീഷ്ണറും സംഭവത്തിൻമേൽ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. കൊറോണ കാര്യങ്ങൾ പറഞ്ഞുകൊണ്ട് തൃക്കാരിയൂരിലെ ദേവസ്വം ആസ്ഥാനം ഈ വിഷയം പുറത്തായത്മുതൽ പൂട്ടിയിട്ടിരിക്കുകയാണ്. ബുധനാഴ്ച വിജിലൻസ് സംഘം സ്ഥലത്തെത്തിയെങ്കിലും ഓഫീസ് അടഞ്ഞു കിടക്കുന്നതിനാൽ പരിശോധന നടത്താൻ സാധിച്ചില്ല.
ഭക്തർ സമർപ്പിക്കുന്ന സ്വർണ്ണത്തിൽ കൃത്രിമം കാണിച്ച വാർത്ത പുറത്ത് വന്നതോടെ ഭക്തജനങ്ങൾ ആശങ്കയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം സ്ട്രോങ്ങ് റൂം തുറന്നപ്പോൾ, തൃക്കാരിയൂർ ഗ്രൂപ്പിന് കീഴിലുള്ള രണ്ട് ക്ഷേത്രങ്ങളിൽ നിന്നും ശിക്ഷണ നടപടി നേരിട്ട വ്യക്തിയും, ഒരു ക്ഷേത്രത്തിലെ സ്വർണ്ണാപഹരണത്തിൽ പിടിക്കപ്പെടുകയും ചെയ്ത ദേവസ്വം വാച്ചറുടെ സാന്നിധ്യം ഉണ്ടായതും പ്രശ്നത്തിന്റെ തീവ്രത കൂടുന്നു. ഇത്തരക്കാരെ മാറ്റി നിർത്തിക്കൊണ്ടാവണം സ്വർണ്ണ കണക്ക് എടുക്കുവാൻ എന്നിരിക്കെ ഇവരെ കൂടെ നിർത്തിയ ഉന്നത ഉദ്യോഗസ്ഥരും വീഴ്ച വരുത്തിയിരിക്കുകയാണ്. വിഷയം പുറത്തറിഞ്ഞതോടെ മോഷണ സ്വർണ്ണത്തിനു തുല്യമായ സ്വർണ്ണം തിരികെ കയറ്റിവച്ച് പ്രശ്നം ദേവസ്വം യൂണിയൻ തലത്തിൽ ഇടപെട്ടുകൊണ്ട് ഒതുക്കി തീർക്കുവാനുള്ള ശ്രമം നടക്കുന്നു. ഇതിന് ഒരു വിഭാഗം ഉദ്യോഗസ്ഥരും കൂട്ട് നിൽക്കുന്നു. ഉന്നതതല അന്വേഷണം വൈകിപിച്ച് പ്രതികളെ രക്ഷപെടാനുള്ള വഴിയൊരുക്കുന്നുവെന്നും ആരോപണമുണ്ട്കേവലം ഒരു ക്ഷേത്രത്തിലെ സ്വർണ്ണ കണക്കെടുപ്പിൽ ഇതാണ് സ്ഥിതിയെന്നിരിക്കേ, ഉടൻ ദേവസ്വം തിരുവാഭരണ കമ്മീഷ്ണൻ സ്ഥലത്ത് എത്തണമെന്നും,സ്ട്രോങ്ങ് റൂമിലിരിക്കുന്ന നൂറിൽ പരം ക്ഷേത്രങ്ങളിലെ മുഴുവൻ തിരുവാഭരണങ്ങളും, സ്വർണ്ണം തുടങ്ങിയ മുഴുവൻ ലോഹങ്ങളും പരിശോധന നടത്തണമെന്നും ആവശ്യം ഉയർന്നു.
സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി , കുറ്റക്കാരെ ഉടൻ കണ്ടെത്തണമെന്നും, ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും, ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി വി എം മണിയുടെ നേതൃത്വത്തിൽ ഭക്തർ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, സ്ട്രോങ്ങ് റൂമിരിക്കുന്ന തൃക്കാരിയൂർ ക്ഷേത്രത്തിനു മുന്നിൽ നാമജപ യജ്‌ഞം നടത്തി.