കോതമംഗലം : നെല്ലിക്കുഴിയിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് 19 പോസിറ്റീവ് കേസും രോഗ വ്യാപനവും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പഞ്ചായത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ബലിപെരുന്നാളിൻ്റെ ഭാഗമായി പള്ളികളിൽ കൂട്ടമായുള്ള നമസ്കാരങ്ങളും,പള്ളികളിൽ വച്ച് കൂട്ടം കൂടിയുള്ള മൃഗബലിയും ഒഴിവാക്കാൻ തീരുമാനിച്ചു. മൃഗബലി നടത്തുന്നവർ പെരുന്നാൾ ദിവസമായ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള 4 ദിവസങ്ങളിലായി വീടുകളിൽ നടത്തി, മാംസം സ്വന്തം ഉത്തരവാദിത്വത്തിൽ ആളുകൾക്ക് എത്തിച്ചു കൊടുക്കുന്നതിനും തീരുമാനിച്ചു.
ലോക് ഡൗൺ സാഹചര്യത്തിൽ പെരുന്നാളുമായി ബന്ധപ്പെട്ട് വളരെ കരുതലോടെ പ്രവർത്തിക്കുവാൻ മഹല്ല് ഭാരവാഹികൾക്ക് നിർദ്ദേശം നല്കി.യോഗത്തിൽ ആൻ്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി,തഹസിൽദാർമാരായ റെയ്ച്ചൽ കെ വർഗീസ്,സുനിൽ മാത്യു,കോതമംഗലം സി ഐ അനിൽ ബി,ജില്ലാ പഞ്ചായത്ത് അംഗം കെ എം പരീത്,ക്ഷേമ കാര്യ സ്റ്റാൻ്റിങ്ങ് ചെയർമാൻ സഹീർ കോട്ടപറമ്പിൽ,വാർഡ് മെമ്പർമാർ,മഹല്ല് ഭാരവാഹികൾ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.