കോതമംഗലം : മൂവാറ്റുപുഴവാലി ജല സേചന പദ്ധതി പൂര്‍ണമായി പ്രവര്ത്തനക്ഷമമാവുന്നതിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. മലങ്കര ഡാമിന് സമീപമുള്ള എന്‍ട്രന്‍സ് പ്ലാസയിലാണ് ചടങ്ങുകള്‍ നടക്കുന്നത്. മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, എം.എം. മണി എന്നിവര്‍ വീഡിയോ കോൺഫെറൻസിലൂടെ മുഖ്യാഥിതികളായി. മൂലമറ്റം പവര്‍ ഹൗസില്‍ നിന്നും വൈദ്യുതി ഉദ്പാദനത്തിന് ശേഷം പാഴായി പോവുന്ന ജലം എറണാകുളം, ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ക്ക് ഫലപ്രദമായി വിനിയോഗിക്കാനുള്ള സാഹചര്യമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി വിഭാവനം ചെയ്തത്. ഇതിനായി തൊടുപുഴ ആറിന് കുറുകെ മലങ്കര ഡാമും 72 മീറ്റര്‍ കനാല്‍ ശൃംഖല നിര്‍മിക്കാന്‍ 1974ല്‍ തീരുമാനമായത്. പിന്നീട് കോട്ടയം ജില്ലയിലെ കാര്‍ഷിക മേഖലകള്‍ കൂടി ഉള്‍പ്പെടുത്തി 323 മീറ്റര്‍ കനാല്‍ ശൃംഖലയും രണ്ട് ലിഫ്റ്റ് ഇറിഗേഷന്‍ സ്കീമുകളും ഉള്‍പ്പെടുത്തി 18173 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യം ലഭ്യമാക്കി.
മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിക്ക് 2000-2001 മുതല്‍ കേന്ദ്ര സഹായം ലഭിച്ചിരുന്നു. 2017ല്‍ പദ്ധതിക്ക് 945 കോടിയുടെ ഭരണാനുമതി ലഭിച്ചു. 37 മില്യണ്‍ സംഭരണ ശേഷിയുള്ള മലങ്കര എര്‍ത്തേണ്‍ കം മേസണ്‍റി ഡാമില്‍ നിന്നാണ് പദ്ധതിക്ക് ആവശ്യമായ ജലം ലഭിക്കുന്നത്. കാര്‍ഷിക പദ്ധതിക്കും കുടിവെള്ള വിതരണത്തിനും പ്രഥമ പരിഗണന നല്കുന്ന പദ്ധതി കമ്മീഷന് ചെയ്യുന്നതോടെ 18173 ഹെക്ടര്‍ സ്ഥലത്തു ജലസേചനം സാധ്യമാവും. പദ്ധതിയുടെ ഹെഡ് വര്‍ക്ക് ആയ മലങ്കര ഡാമിന്റെയും മെയിന്‍ ബ്രാഞ്ച് കനാലുകളുടെയും പണി 100 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഉപകനാലുകള്‍ 95 ശതമാനം പൂര്‍ത്തിയാക്കി.
ജലസേചനതിന് പുറമെ പദ്ധതി പ്രദേശത്തു കുടിവെള്ള വിതരണത്തിന് ആവശ്യമായ 65 ക്യൂസെക്സ് ജലം വാട്ടര്‍ അതോറിറ്റിക്കും ജിസിഡിഎക്കും നല്കുവാനും വ്യാവസായിക ആവശ്യത്തിന് 700 ക്യൂ സെക്സ് ജലം കൊച്ചി റിഫൈനറിക്കും അധിക ജലം മലങ്കരയിലെ 10.5 മെഗാവാട്ട് വൈദ്യുതി നിലയത്തിന് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. എറണാകുളം , ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് ഇന്ന് പൂർണ്ണമായി പ്രവർത്തനക്ഷമമായിരിക്കുന്നത്. ചടങ്ങിൽ ജില്ലകളിലെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.