കോതമംഗലം – കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള 3 കോടി 50 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആന്റണി ജോൺ എംഎൽഎ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. 1932 ൽ സ്വകാര്യ വിദ്യാലയമായി ആരംഭിച്ച സ്കൂൾ 1948 ലാണ് സർക്കാരിലേക്ക് കൈമാറിയത്. ഏകദേശം 88 വർഷത്തിലേറെ പഴക്കമുള്ള പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മൂന്ന് ഏക്കറിൽ അധികം വരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നത്.പ്രസ്തുത സ്കൂളിൽ എൽ കെ ജി മുതൽ 12-ാം ക്ലാസ്സ് വരെയും,വി എച്ച് എസ് സി യിലുമായി 1500 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്.കുട്ടികൾക്കായി റീഡിങ്ങ് റൂം,ലൈബ്രറി,സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്,സ്കൗട്ട് & ഗൈഡ്,എസ് പി സി,ലിറ്റിൽ കൈറ്റ് തുടങ്ങിയ സൗകര്യങ്ങളും സ്കൂളിലുണ്ട്.
പ്രസ്തുത സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനു വേണ്ടി 3.5 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി 6542 സ്ക്വയർ ഫീറ്റിൽ 9 പുതിയ ക്ലാസ് മുറികൾ ഉള്ള കെട്ടിടം പുതുതായി നിർമ്മിക്കും.ഇതിൽ 8 ക്ലാസ് റൂമുകൾ ഹൈസ്കൂൾ വിഭാഗത്തിലും ഒരു റൂം അത്യാധുനിക സൗകര്യങ്ങളോട് കൂടി എച്ച് എസ് എസ് വിഭാഗക്കാർക്ക് വേണ്ടിയുള്ള ലാബിനും വേണ്ടി ഉപയോഗിക്കും.അതുപോലെ നിലവിൽ 6 ക്ലാസ് റൂം പ്രവർത്തിക്കുന്ന നിലവിലുള്ള ബ്ലോക്കിൽ മുകളിലേക്കും സൈഡിലേക്കും എക്സ്പാൻഡ് ചെയ്തു കൊണ്ട് പുതുതായി 6 ക്ലാസ് റൂമുകൾ കൂടി പണിയുന്നതാണ്.ഇതിൽ 3 ക്ലാസ് റൂം എച്ച് എസ് വിഭാഗത്തിനും,3 ക്ലാസ് റൂമുകൾ എച്ച് എസ് എസ് വിഭാഗത്തിനും വേണ്ടിയാണ് നിർമ്മിക്കുന്നത്.ഓരോ നിലകളിലും അതാതു ഫ്ലോറുകളിൽ ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ശൗചാലയങ്ങൾ തയ്യാറാക്കും.
ക്ലാസ് റൂമുകൾ എല്ലാം സ്മാർട്ട് ആക്കുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഓരോ ക്ലാസ് റൂമിനും വേണ്ടി തയ്യാറാക്കുന്നത്.പാചകപ്പുര അത്യാധുനിക രീതിയിൽ നവീകരിക്കും. അതോടൊപ്പം തന്നെ റീ ടൈനിങ്ങ് വാളും,കോമ്പൗണ്ട് വാളും പുതുതായി നിർമ്മിക്കുന്നതടക്കമുള്ള പ്രവർത്തികളാണ് സ്കൂൾ ഹൈടെക് ആക്കുന്നതിൻ്റെ ഭാഗമായി നടപ്പിലാക്കുന്നത്.പല്ലാരിമംഗലം സ്കൂൾ ആരംഭിച്ചതിനു ശേഷമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചതെന്ന് ആന്റണി ജോൺ എംഎൽഎ പറഞ്ഞു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ കെ റ്റി എബ്രഹാം,ബ്ലോക്ക് മെമ്പർ ഒ ഇ അബ്ബാസ്,വാർഡ് മെമ്പർ ഷെമീന അലിയാർ,സീനിയർ അസിസ്റ്റന്റ് കെ മനോ ശാന്തി,പി റ്റി എ പ്രസിഡന്റ് കെ എം കരീം,പി റ്റി എ ഭാരവാഹികൾ,സ്കൂൾ വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.