പോത്താനിക്കാട് : കടവൂർ, വടക്കേപുന്നമറ്റം പ്രദേശങ്ങളിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വടക്കേപുന്നമറ്റം പള്ളിക്ക് സമീപം എനാനിക്കൽ ജോഷി, അടപ്പൂർ ജോണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. സമീപവാസികളായ ഇരുവരുടെയും റബ്ബർ തോട്ടങ്ങളിലെ കന്നാര, പ്ലാവ്, റബ്ബർ തുടങ്ങിയവ ആനകൾ തിന്നുകയും, ചവിട്ടി മെതിക്കുകയും ചെയ്തു. നൂറുകണക്കിന് കന്നാരകൾ ഇളകി പറിഞ്ഞു പോയിട്ടുണ്ട്. രണ്ട് പ്ലാവുകളുടെ ശിഖരങ്ങൾ ഒടിച്ചാണ് ചക്കകൾ തിന്നതെന്ന് പറമ്പുടമകൾ പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി ഒറ്റക്കണ്ടം, മുള്ളരിങ്ങാട്, ചാത്തമറ്റം, വടക്കേപുന്നമറ്റം, പുതകുളം, കടവൂർ, നാലാംബ്ലോക്ക് മേഖലകളിലെല്ലാം മാസത്തിൽ രണ്ടും മൂന്നും തവണ കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിക്കുന്നുണ്ടത്രെ. ഈ പ്രദേശങ്ങളിൽ കുരങ്ങ്, കാട്ടുപന്നി, മുള്ളൻപന്നി, തുടങ്ങിയവയും കൃഷികൾ നശിപ്പിക്കാറുണ്ട്. കർഷകർ ഫോറസ്ററ് ഓഫിസർമാരെ വിളിച്ചു പരാതി പറഞ്ഞാൽ പലപ്പോഴും അവർ പ്രതികരിക്കാറില്ലെന്നും പരക്കെ ആക്ഷേപമുണ്ട്.
