കോതമംഗലം : കാഴ്ചയുടെ പുത്തെൻ വാതായനം തുറന്ന് സഞ്ചാരികളെ മാടിവിളിക്കുകയാണ് വടാട്ടുപ്പാറ കുത്ത്. പ്രകൃതി ഭംഗി കനിഞ്ഞു അനുഗ്രഹിച്ച പ്രദേശങ്ങളാണ് വടാട്ടുപാറ, ഇടമലയാർ, ഭൂതത്താൻകെട്ട് എന്നിവിടങ്ങൾ. എന്നാൽ വടാട്ടുപാറ കുത്ത് അധികം ശ്രദ്ധിക്കപെടാതെ മനോഹരമായ കാനന ഭംഗി കൊണ്ട് കനിഞ്ഞനുഗ്രഹിച്ച ഭൂ പ്രകൃതികൊണ്ട് സമ്പുഷ്ടമാണ് . വടാട്ടുപാറയിലെ ഈ ചെറു വെള്ളച്ചാട്ടം നയന മനോഹരമാണ്. വടാട്ടുപാറ
മലനിരകളുടെ ദൃശ്യഭംഗി, മനസിനെ പിടിച്ചിരുത്തുന്ന നിശബ്‌ദത ഇതൊക്കെയാണ് ദൃശ്യമാകുന്ന ഈ വെള്ളച്ചാട്ടത്തിന്റെ ആകെ രൂപം. അധികമാരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഈ വെള്ളച്ചാട്ടവും ഇവിടെനിന്നുള്ള കാഴ്‌ച്ചകളുംഎല്ലാം ഭൂതത്താൻകെട്ട് കടന്ന് വന്യ സൗന്ദര്യം ആസ്വദിച്ചെത്തുന്ന ആരുടേയും മനം കവരും.
സഞ്ചാരികളുടെ മനസ് കീഴടക്കുകയാണ് ഈ കുത്ത്. ഇനിയും വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയിട്ടില്ലാത്ത ഈ വെള്ളച്ചാട്ടത്തിലെത്തുന്നവരെല്ലാം കാഴ്‌ചകള്‍ കണ്ട് മനംനിറഞ്ഞാണ് മടങ്ങുന്നത്. അപകടരഹിതമായി വെള്ളച്ചാട്ടത്തില്‍ ഇറങ്ങി കുളിക്കുന്നതിനും വിശ്രമിക്കുന്നതിനും, കാനന ഭംഗി ആസ്വദിച്ചു, ശുദ്ധ വായു ശ്വസിച്ചു വിശ്രമിക്കുന്നതിനും എല്ലാം പറ്റിയ ഇടമാണിവിടം. ടൂറിസം പ്രൊമോഷൻ കൌൺസിൽ മുൻകൈ എടുത്ത് ചെറു വികസനം നടത്തിയാൽ ഇവിടേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കും.