കൊച്ചി : ഡാവിഞ്ചി സുരേഷ് എന്ന അതുല്യ പ്രതിഭയുടെ കരവിരുതിൽ വിരിയുന്ന വിസ്മയങ്ങൾ തീരുന്നില്ല. കാഴ്ചകളുടെ അത്ഭുതം തന്നെ തീർക്കുകയാണ് ഡാവിഞ്ചി സുരേഷ്. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയില്‍ അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയതും സെപ്തംബര്‍ 7 നു മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചും ഒരു കിടിലൻ പിറന്നാൾ സമ്മാനമാണ് ഡാവിഞ്ചി തന്റെ മാന്ത്രിക വിരലുകൾക്കൊണ്ട് ഒരുക്കിയത്. കൊടുങ്ങല്ലൂര്‍ എം ടെല്‍ മൊബൈല്‍സിന്‍റെ ഉടമസ്ഥനായ അനസിന്‍റെ മൂന്നു ഷോപ്പുകളില്‍ നിന്നെടുത്ത അറുനൂറു മൊബൈല്‍ ഫോണുകളും, ആറായിരം മൊബൈല്‍ അക്സസറീസും ഉപയോഗിച്ചാണ് ഡാവിഞ്ചി സുരേഷ് ഇരുപതടി വലുപ്പമുള്ള മമ്മൂട്ടി ചിത്രം തയ്യാറാക്കിയത്.
കൊടുങ്ങല്ലൂര്‍ ദര്‍ബാര്‍ കണ്‍ വെന്ഷന്‍ സെന്‍റര്‍ ബാബുക്കായുടെ സഹകരണത്തോടെ ഹാളിനുള്ളിലാണ് മൊബൈല്‍ഫോണ്‍ ചിത്രമോരുങ്ങിയത് . വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വസ്തുവായ മൊബൈല്‍ ഫോണ്‍ ചിത്രമാക്കി മാറ്റാന്‍ പത്തു മണിക്കൂര്‍ സമയമെടുത്തു. നിറങ്ങളുടെ ലഭ്യത കുറവായിരുന്നെങ്കിലും പൌച്ചുകളും സ്ക്രീൻ ഗാഡ് , ഡാറ്റാ കേബിളും ഇയര്‍ഫോണും ചാര്‍ജറും ഉള്‍പെടുന്ന മൊബൈല്‍ അനുബന്ധ സാമഗ്രികളും ചിത്രത്തിന് സഹായകമായി.
ക്യാമറാ മേന്‍ സിംബാദും ഫെബിയും റിയാസും എം ടെല്‍ മോബൈല്‍സിലെ സ്റ്റാഫുകളായ അംഷിത്, ഫൈസല്‍ , സാദിക്ക് , റമീസ് ,തൊയിബ് എന്നിവര്‍ സഹായത്തിനുണ്ടായിരുന്നു. മമ്മൂട്ടി ആരാധകനായ എം ടെല്‍ അനസിന്‍റെ ആഗ്രഹപ്രകാരം ജന്മദിന സമ്മാനമായാണ് ഈ ചിത്രം ചെയ്തത്. ചിത്രകലയിലെ നൂറു മീഡിയങ്ങള്‍ ലക്ഷ്യമാക്കി ഡാവിഞ്ചി ചെയ്യുന്നതിന്‍റെ എഴുപത്തി അഞ്ചാമത്തെ മീഡിയമാണ് മൊബൈല്‍ ഫോൺ.