കോതമംഗലം : ഊന്നുകൽ കൊലപാതകം; റിമാൻ്റിലുള്ള പ്രതിയെ കോതമംഗലം കോടതിയിലെത്തിച്ച് പോലീസ് കസ്റ്റഡിയിൽ വാങ്ങി; മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്.
ഊന്നുകല്ലിനു സമീപം ആൾ താമസമില്ലാത്ത വീടിൻ്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ റിമാൻ്റിലായ പ്രതി രാജേഷിനെയാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
കഴിഞ്ഞ 22-ാം തീയതിയാണ് ഊന്നുകൽ ടൗണിനു സമീപം ആളൊഴിഞ്ഞ വീട്ടിൽ വേങ്ങൂർ സ്വദേശിനി ശാന്തയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടത്. അന്ന് തന്നെ ആൺസുഹൃത്തായ പ്രതി രാജേഷ് കാർ ഒരു കടയിൽ ഏല്പിച്ച ശേഷം മുങ്ങുകയായിരുന്നു.
തുടർന്ന് 27-ാം തീയതി വൈകിട്ട് എറണാകുളത്തു നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്തത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി ഊന്നുകൽ പോലീസ് വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തി.
ശാന്തയുടെ മൊബൈൽ ഫോണും, ബാഗും, താക്കോലും കോതമംഗലം കുരൂർ തോട്ടിൽ വലിച്ചെറിഞ്ഞതായുള്ള പ്രതിയുടെ മൊഴിയെ തുടർന്ന് ഫയർഫോഴ്സിസിൻ്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. ബാഗിനും താക്കോലിനുമായുള്ള തെരച്ചിൽ തുടരുകയാണ്.
