കൊച്ചി : പ്രശസ്ത ശില്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷിന്റെ മകൻ ഇന്ദ്രജിത് പിതാവിന്റെ വഴിയേ തന്നെ നിറക്കൂട്ടുകളുടെ ലോകത്തേക്ക് ചുവടുറപ്പിക്കുകയാണ്. പേപ്പറില്‍ മാത്രം വരച്ചു പരിചയമുള്ള ഇന്ദ്രജിത്ത് ഇത് ആദ്യമായാണ് അക്രിലിക് കളര്‍ ഉപയോഗിച്ച് ചിത്രം വരക്കുന്നത്. അതും ബ്രഷിന്‍റെ സഹായമില്ലാതെ സ്വന്തംകൈ വിരലുകള്‍ മാത്രം ഉപയോഗിച്ച്. തന്റെ വീടിനു മുകളിലുള്ള ചിമ്മിനി ചുമരില്‍ രണ്ടു ദിവസം കൊണ്ടാണ് ടോവിനോ തോമസിന്‍റെ പുതിയ ചിത്രമായ കളയിലെ കഥാപാത്രത്തിനെ ഇന്ദ്രജിത് എന്ന ഈ കൊച്ചു മിടുക്കൻ വരച്ചത്. കളര്‍ പെന്‍സിലിലും, വാട്ടര്‍ കളറും ഉപയോഗിച്ച് പേപ്പറില്‍ മാത്രമാണ് ഇത് വരെ വരച്ചിരുന്നത്. ബ്രഷ് ഉപയോഗിച്ച് പരിചയമില്ലാത്തതിനാല്‍ ഇത്ര വലിയ ചിത്രം വരക്കാന്‍ സ്വന്തം വിരലുകള്‍ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.
ചിത്രത്തിന് ആറടി ഉയരവും നാലടി വീതിയുമുണ്ട്. കൊടുങ്ങല്ലൂര്‍ അമൃത വിദ്യാലയത്തില്‍ പ്ലസ് വണ്ണില്‍ പഠിക്കുന്ന ഇന്ദ്രജിത്ത് ലോക് ഡൌണ്‍ ആയതു കൊണ്ട് ഓണ്‍ ലൈനില്‍ തന്നെ ആണ് പഠനം. ഒഴിവു ദിവസമായ ശനിയും ഞായറും ആണ് ഇത്തരത്തിലുള്ള കലാപ്രകടനങ്ങളില്‍ മുഴുകുന്നത്. കാർട്ടൂൺ അക്കാദമിയുമായി ചേർന്ന് നിരവധി കോവിഡ് ബോധവൽക്കരണ കാർട്ടൂൺ ചിത്രങ്ങൾ വരച്ചു കൂട്ടിയ അതുല്യ കലാകാരനാണ് ഡാവിഞ്ചി സുരേഷ്. കൊറോണമൂലം 2020 മാര്‍ച്ച് 24 നു ലോക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ ദിവസവും തുടര്‍ച്ചയായി കോവിഡ്മായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വരക്കാന്‍ തുടങ്ങി ഇദ്ദേഹം. 63 ദിവസങ്ങള്‍ കൊണ്ട് 63 കോവിഡ് ബോധവല്‍ക്കരണ ചിത്രങ്ങള്‍ വരച്ചു. പിന്നീട് കാര്‍ട്ടൂണ്‍ അക്കാദമിയും, കേരള സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്ന് ലോക്‌ഡൌണ്‍ സമയത്ത് കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തിയ കാര്‍ട്ടൂണ്‍ മതിലില്‍ പങ്കെടുത്തു കൊണ്ട് സുരേഷ് നിരവധി കാര്‍ട്ടൂണുകള്‍ വരച്ചു കൂട്ടി.
പ്രശസ്ത ശില്പി ഡാവിഞ്ചി സുരേഷിന്റെ മകനാണ് ഇന്ദ്രജിത്. അതിജീവനവുമായി ബന്ധപ്പെട്ട ഷോര്‍ട്ട് ഫിലിമുകളിലും ആല്‍ബത്തിലും ഈ കലാകാരൻ അഭിനയിച്ചു. വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും കോവിഡ് കാലം അവസാനിക്കാത്ത സാഹചര്യത്തിൽ
കോവിഡ്ക്കാല ഓർമ്മക്കായി പത്തടി ഉയരമുള്ള കോവിഡ് പ്രതിരോധ ശില്പം തീർത്തും അദ്ദേഹം ജനമനസുകളിൽ ഇടം നേടിയിരുന്നു. ഇതിനു പുറമെ ഈ കൊറോണ മഹാമാരിയുടെ പിടിയിൽ വീടുകളിൽ കഴിയുന്നവരുടെ മാനസിക സമ്മർദ്ദം കുറക്കുക എന്ന ലക്ഷ്യത്തിൽ കൊറോണ ബോധവൽക്കരണ പാരഡിഗാനവും ഇറക്കാൻ സുരേഷ് മറന്നില്ല. എൻജോയ് ഏൻജമി എന്ന സൂപ്പർ ഹിറ്റ് ആൽബത്തിലെ സോങ് ഇതിനായി അദ്ദേഹം തിരഞ്ഞെടുത്തു. ഏതു പ്രായക്കാർക്കും ആസ്വദിക്കാനായി സരസവും, ലളിതവുമായ വരികളാണ് ഈ ബോധവൽക്കരണ പാരഡി ഗണത്തിൽ ഉള്ളത്. മക്കളായ ഇന്ദ്രജിത്തും, ഇന്ദുലേഖയും, സുരേഷിന്റെ സഹോദരൻ സന്തോഷിന്റെ മകൻ കാർത്തിക്കുമായിരുന്നു ഇതിൽ അഭിനയിച്ചത്.ഇതും സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വൈറൽ ആകുകയും ചെയ്തിരുന്നു.