കോതമംഗലം : കോവിഡ് 19 എന്ന മഹാവ്യാധിയുടെ മുൻകരുതലിന്റെ ഭാഗമായി, തൃക്കാരിയൂർ ജംഗ്ഷനിലും, മഹാദേവക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയുടെ ഭാഗത്തും, സേവാഭാരതി പ്രവർത്തകർ കൈകൾ കഴുകി ശുദ്ധീകരിക്കുവാനുള്ള സംവിധാനങൾ ഒരുക്കി. കൈകൾ ശുചീകരിക്കൂ – വൈറസിന്റെ ചങ്ങലകൾ പൊട്ടിയ്ക്കൂ എന്ന അഹ്വാനവുമായി ശുദ്ധജല ടാപ്പുകൾ, വാഷ് ബെയ്സനുകൾ, സാനിറ്റൈസറുകൾ , ഹാൻഡ് വാഷുകൾ എന്നിവയോക്കെയായുള്ള സജീരകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിൽ പത്തു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ചടങ്ങുകൾ മാത്രമായി ഒതുക്കിയെങ്കിലും, ആ ചടങ്ങുകളിൽ പങ്കെടുക്കുവാൻ ദിവസേന നൂറ് കണക്കിന് ഭക്ത ജനങ്ങൾ പല സമയങ്ങളിലായി കൂട്ടം കൂടാതെയാണെങ്കിലും ക്ഷേത്രത്തിൽ വന്ന് പോകുന്നുണ്ട്. ഈ സജീകരനങ്ങൾ തയ്യാറാക്കിയത് മുതൽ ഭക്ത ജനങ്ങൾ അത് ഉപയോഗിക്കുവാൻ തുടങ്ങി.
അതുപോലെ തൃക്കാരിയൂർ ജംഗ്ഷനിൽ നിരവധി കച്ചവട സ്ഥാപനങ്ങൾ, ബസ് സ്റ്റോപ്പുകൾ, ഓട്ടോ, ടാക്സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിലായി ധാരാളം ആളുകളാണ് എപ്പോളും വന്ന് പോകുന്നത്. ജംഗ്ഷനിൽ തന്നെ ഈ സംവിധാനം ഒരുക്കിയത് നിരവധിയാളുകൾക്കാണ് പ്രയോജനമായത്. സേവാഭാരതി സ്ഥാപിച്ച ഹാൻഡ് വാഷിംഗ് സജീകരണങ്ങൾ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്ധ്യ സുനികുമാർ, ശോഭ രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ഉത്ഘാടനം ചെയ്തു.