കോതമംഗലം: കാനന മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടപ്പാറ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം ശ്രദ്ധേയമായി. കോതമംഗലം താലൂക്കിലെ കോട്ടപ്പടി പഞ്ചായത്തില്‍ വടക്കുംഭാഗത്തിന് സമീപം വനത്തിനുള്ളിലാണ് കോട്ടപ്പാറ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനും അയ്യപ്പനും ഒരു ശ്രീകോവിലിനുള്ളില്‍ ഒരേ പീഠത്തില്‍ അച്ഛനും മകനുമായി ഒരുമിച്ച് പ്രതിഷ്ഠയുള്ള ഭാരതത്തിലെ ഏക ക്ഷേത്രം എന്ന പ്രശസ്തി നേടിയ കോട്ടപ്പാറ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ(ശിവശാസ്താക്ഷേത്രം ) മകരവിളക്ക് മഹോത്സവത്തില്‍ ദുര്‍ഘട കാട്ടുപാതകള്‍ താണ്ടി നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.
ഉത്സവ നാളില്‍ അല്ലാതെ ഇങ്ങോട്ടുള്ള പ്രവേശനത്തിന് വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. ക്ഷേത്രം മേല്‍ ശാന്തി സജി, ക്ഷേത്രം ശാന്തി അഖില്‍ എന്നിവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. നകരവിളക്കിന് അയ്യപ്പഭക്തര്‍ കെട്ടുനിറച്ച് ഈ ക്ഷേത്രത്തില്‍ വരുന്ന പതിവുണ്ടെന്ന് ക്ഷേത്രം ശാന്തി അഖിലും ക്ഷേത്രം സെക്രട്ടറി വിജയനും പറഞ്ഞു.






















































