മൂവാറ്റുപുഴ: ഭര്‍ത്താവിനെ ഭാര്യയുടെ കാമുകനും, സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം തടവും, ഒരു ലക്ഷം രൂപ പിഴയും. മുണ്ടക്കയം കോരുത്തോട് കൊന്നക്കല്‍ ബിനോയി(45)യെ കൊലപ്പെടുത്തിയ കേസില്‍ പണ്ടപ്പിളളി ആച്ചക്കോട്ടില്‍ ജയന്‍ (57) ആണ് മൂവാറ്റുപുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തടവും, പിഴയും വിധിച്ചത്. പിഴ അടച്ചില്ലായെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവക്കേണ്ടിവരും. കേസിലെ ഒന്നും രണ്ടും പ്രതികളായ വടക്കേക്കര മാത്യു ഐസക്(35), പൈകയില്‍ ടോമി(53) എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു.
2018 ഏപ്രില്‍ 16നാണ് കേസിനാസ്പതമായ സംഭവം. ജയന്റെ തടിമില്ലിലെ ജീവനക്കാരിയായിരുന്നു ബിനോയിയുടെ ഭാര്യ. ജയനും, ബിനോയിയുടെ ഭാര്യയും തമ്മില്‍ അടുപ്പമുണ്ടെന്നാരോപിച്ച് ബിനോയിയും ഭാര്യയും തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് പറഞ്ഞ് ബിനോയിയെ ജയന്‍ പണ്ടപ്പിള്ളിയിലേക്ക് വിളിച്ചുവരുത്തുകയും, തുടര്‍ന്ന് ജയന്റെ ജീപ്പില്‍ കയറ്റി മര്‍ദ്ദിച്ചവശനാക്കി മുല്ലപ്പടിയിലുള്ള റോഡിന് സമീപം ഉപേക്ഷിക്കുകയുമായിരുന്നു. നാട്ടുകാരാണ് ബിനോയിയെ അവശനിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് ബിനോയിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബിനോയി നല്‍കിയ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അന്ന് തന്നെ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ബിനോയിയുടെ ഭാര്യ അടക്കം കൂറ് മാറിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് മധു ഹാജരായി