കോതമംഗലം : കാട്ടാനകളുടെ സാന്നിധ്യം മൂലം പുന്നേക്കാട്-തട്ടേക്കാട് റോഡിലൂടെ യാത്രചെയ്യാൻ കഴിയാതെ നാട്ടുകാർ. ചേലമല വനത്തിനു സമീപം എസ് വളവ് ഭാഗത്ത് രണ്ടു ദിവസമായി കാട്ടാനകൾ തമ്പടിച്ചിരുന്ന കാഴ്ചയാണുള്ളത്. മുൻപ് രാത്രി മാത്രമാണ് കാട്ടാനക്കൂട്ടം എത്തിയിരുന്നതെങ്കിൽ ഇപ്പോൾ പകലും കാട്ടാനകളിറങ്ങുന്നു. വാഹനയാത്രികരും പ്രദേശവാസികളായ കാൽനടക്കാരും പൊറുതിമുട്ടിയനിലയിലാണ്. റോഡിനു കുറുകെ നിലയുറപ്പിച്ച ഇവയിൽനിന്നു ഭാഗ്യംകൊണ്ടാണ് യാത്രക്കാർ രക്ഷപ്പെടുന്നത്.
പുന്നേക്കാട് കവല മുതൽ തട്ടേക്കാട് പാലം വരെയുള്ള ഭാഗത്ത് വൈദ്യുത വിളക്ക് സ്ഥാപിക്കുകയും റോഡിന്റെ ഇരുവശത്തുമുള്ള അടിക്കാടുകൾ വെട്ടിനീക്കുകയും ചെയ്യണമെന്നും കൂടുതൽ വാച്ചർമാരെ നിയമിക്കുന്നതിനൊപ്പം കോടനാട് ദൗത്യസംഘത്തിന്റെ സാന്നിധ്യം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു, കൂടാതെ തട്ടേക്കാട് പാലത്തിനു ഇക്കരെയുള്ള ഫോറെസ്റ്റ് ചെക്ക് പോസ്റ്റ് അടിയന്തിരമായി തട്ടേക്കാട് പുന്നെക്കാട് റോഡിൽ എസ് വളവിന്റെ മുകളിൽ മാറ്റി സ്ഥാപിക്കാൻ നടപടിയുണ്ടാകണം എന്നും സമീപ വാസികൾ ആവശ്യപ്പെടുന്നു.
അത് കൊണ്ട് ഉണ്ടാകാവുന്ന ഗുണങ്ങൾ:-
1. ചെക്ക് പോസ്റ്റുമായി ബന്ധപെട്ടു കെ.എസ.ഇ.ബി കണക്ഷൻ ലഭിക്കുകയും എല്ലാ പോസ്റ്റിലും ലൈറ്റുകൾ സ്ഥാപിക്കാനാകും, അളനക്കവും ലൈറ്റും ഒക്കെ ഉണ്ടാവുമ്പോൾ കുറച്ചു ശല്യം കുറയും.
2. ആനയിറങ്ങുന്നതുമായി ബന്ധപെട്ടു ആളുകൾക്ക് കൃത്യമായ നിർദേശങ്ങൾ നൽകാനും ആളുകളെ വേഗത കുറച്ചു സുരക്ഷിതമായി കടത്തിവിടാനുമാകും.
3..യാത്രക്കിടയിൽ വന്യമൃഗങ്ങളുമായോ വാഹന അപകടങ്ങളുമായോ ബന്ധപെട്ടു യാത്രക്കാർക്ക് ഒരു പ്രശ്‌നം ഉണ്ടായാൽ അവർക്കു ഒന്ന് ഓടി കയറി ചെല്ലാൻ, ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ, എന്തെങ്കിലും ഒരു പ്രഥമ ശുശ്രൂഷ നൽകാൻ ഒക്കെ നമുക്കൊരു സ്ഥിരം സംവിധാനമാകും. ഇപ്പോഴത്തെ അവസ്ഥയിൽ റോഡിൽ കിടന്നു അടുത്ത വണ്ടി വരുന്നത് വരെ കാത്തിരിക്കലെ നിവൃത്തി ഉള്ളു.
4.സാമൂഹ്യവിരുദ്ധ ശല്യവും ഇറച്ചി മാലിന്യം വലിച്ചെറിയുന്ന ശല്യവും ഒരു പരിധി വരെ കുറക്കാനാകും.
ഇപ്പോൾ ചെയ്തിട്ടുള്ള കാര്യങ്ങളായ രാത്രിയിൽ വാച്ചറെ വെച്ചതും ഇരുവശത്തും നന്നായി കാടു കളഞ്ഞു ഫയർ ലൈൻ തെളിച്ചതും ഒന്ന് രണ്ട് ലൈറ്റ് ഇട്ടതും ഒക്കെ കുറച്ചു കാണുന്നില്ല. പക്ഷേ ഇതിനൊരു സ്ഥിരം സംവിധാനം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.