കോതമംഗലം:- കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കാക്കനാട് നാലുവരിപാത 10 വർഷങ്ങൾക്കു ശേഷം നിർമ്മാണം പുനരാരംഭിച്ചു.മലയോര
മേഖലയുടെ കവാടമായ കോതമംഗലത്ത് നിന്ന് ജില്ലാ ആസ്ഥാനമായ കാക്കനാട്ടേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള സ്വപ്ന പദ്ധതിയാണ് 27 കിലോമീറ്റർ ദൂരം വരുന്ന പ്രസ്തുത റോഡ്. 7 കിലോമീറ്റർ ദൂരമാണ് കോതമംഗലം മണ്ഡലത്തിൽ വരുന്നത്. കോതമംഗലം ഉൾപ്പെടെ ജില്ലയുടെ കിഴക്കൻ മേഖലയ്ക്ക് വലിയ വികസന കുതിപ്പ് പകരുന്ന പദ്ധതിയാണിത്. ഇതിൽ 900 മീറ്റർ ദൂരം വരുന്ന റോഡാണ് 10 വർഷം മുമ്പ് നിർമ്മാണം പൂർത്തീകരിച്ചിരുന്നത്.
തങ്കളം ഭാഗത്ത് നിന്നും ആരംഭിക്കുന്ന ആദ്യ റീച്ചിൽ കോതമംഗലം ടൗണിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിൽ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് തർക്കങ്ങൾ മൂലം പ്രവർത്തി തുടരുവാൻ സാധിച്ചിരുന്നില്ല.2016 നു ശേഷം ജില്ലാ തലത്തിൽ ഉൾപ്പെടെ നിരവധി തവണ പരാതിക്കാരുമായി ചർച്ച നടത്തിയിരുന്നെങ്കിലും ഭൂമി വിട്ടു നൽകുവാൻ ഉടമകൾ വിമുഖത കാട്ടിയിരുന്നു. പിന്നീട് ആവശ്യമായ തുക കോടതിയിൽ കെട്ടി വച്ച് സ്ഥലം പൂർണ്ണമായും ഏറ്റെടുക്കുകയാണുണ്ടായത്.
തുടർന്നുള്ള പ്രവർത്തികൾക്കായി പിണറായി സർക്കാറിൻ്റെ രണ്ട് ബഡ്ജറ്റുകളിലായി 67 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.തുടർന്നുള്ള നിർമ്മാണത്തിന് മുന്നോടിയായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഭൂഉടമകൾക്ക് നഷ്ടപരിഹാരം നല്കുന്നതിന് വേണ്ടി 20 കോടി രൂപയുടെ അനുമതി ലഭിച്ച് ഉത്തരവായതായും,സർവ്വേ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച്,തുക ഉടമകൾക്ക് വേഗത്തിൽ ലഭ്യമാക്കുമെന്നും ആന്റണി ജോൺ എംഎൽഎ പറഞ്ഞു. അവശേഷിക്കുന്ന പ്രവർത്തികൾക്കുള്ള വിശദമായ ഡി പി ആർ തയ്യാറാക്കി കിഫ്ബിയിൽ സമർപ്പിച്ചതായും എംഎൽഎ കൂട്ടിച്ചേർത്തു.