കോതമംഗലം: കോതമംഗലത്ത് തങ്കളംകോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് തടസമായിരുന്ന സ്റ്റോപ്പ് മെമ്മോ മുനിസിപ്പാലിറ്റി പിന്‍വലിച്ചു. ഇതോടെ നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ തടസം നീങ്ങി. ബൈപ്പാസ് നിര്‍മ്മാണത്തിനായി കൊള്ളിക്കാട് ഭാഗത്തേക്കുള്ള മുനിസിപ്പല്‍ റോഡ് ഇല്ലാതാക്കിയിരുന്നു.
ഇതുമൂലം തങ്ങളുടെ യാത്രാസൗകര്യം നഷ്ടപ്പെട്ടുവെന്ന ചില വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് മാസം മുമ്പാണ് മുനിസിപ്പാലിറ്റി സ്റ്റോപ്പ് മെമ്മോ നല്‍കിയത്. പ്രശ്നത്തില്‍ ഇടപെട്ട ജില്ലാ കളക്ടര്‍ പരിഹാരം ആരായാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇല്ലാതായ റോഡിന് പകരം നടപ്പാലം നിര്‍മ്മിക്കാന്‍ ആസ്തിവികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചതായും തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും കാണിച്ച് ആന്റണി ജോണ്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കുന്നതെന്ന് ചെയര്‍പേഴ്സണ്‍ ഭാനുമതി രാജുവും വൈസ് ചെയര്‍മാന്‍ പ്രിന്‍സ് വര്‍ക്കിയും അറിയിച്ചു. നടപ്പാലം യാഥാര്‍ത്ഥ്യമാകുതോടെ വഴിപ്രശ്നം പരിഹരിക്കപ്പെടുമെന്ന് മുമ്പ് പരാതി നല്‍കിയ വീട്ടുകാരും മുനിസിപ്പാലിറ്റിയെ അറിയിച്ചിരുന്നു. ബൈപ്പാസിന്റെ രണ്ടാംഘട്ടത്തിന്റെ നിര്‍മ്മാണം നടക്കുന്നതിനിടെയാണ് സ്റ്റോപ്പ് മെമ്മോ പ്രശ്നം ഉണ്ടായത്. ഇതൂമൂലം കൊള്ളിക്കാട് ഭാഗത്ത് നിര്‍മ്മാണം നടത്താന്‍ കഴിയാത്ത സ്ഥിതിയുമുണ്ടായി. കല ജംഗ്ഷന്‍ മുതല്‍ കൊള്ളിക്കാട് ഭാഗംവരെ ടാറിംഗും പൂര്‍ത്തീകരിച്ചിരുന്നു.






















































