പോത്താനിക്കാട് : കക്കടാശേരി – ഞാറക്കാട് റോഡിൻ്റെ നിർമ്മാണം പുനരാരംഭിക്കാൻ റീ ബിൽഡ് കേരള , കെ എസ് ടി പി അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് റോഡ് വികസന സമിതി ആവശ്യപ്പെട്ടു. പോത്താനിക്കാട് ടൗൺ ഉൾപ്പെടെ ഒരു കി.മീ റോഡ് മെറ്റൽ മാത്രം വിരിച്ച ശേഷം കരാറുകാരൻ നിർമ്മാണം നിർത്തി വച്ചത് മൂലം മെറ്റലിളകി റോഡിൽ വൻ കുഴികൾ രൂപപ്പെട്ട നിലയിലാണ് .കുഴികളിലും ,വെള്ളക്കെട്ടിലും കാൽനട / വാഹന യാത്രികർ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ് .
ഇല്ലിച്ചുവട് വളവിൽ ഇടുങ്ങിയ രീതിയിൽ റോഡ് നിർമ്മിച്ചതും അപകടക്കെണിയായി. കക്കടാശേരി മുതൽ കാലാമ്പൂർ വരെ നിർമ്മിച്ച കലുങ്കുകളുടെ വശങ്ങളിലും മറ്റും മണ്ണ് ഒലിച്ചുപോയി വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. റോഡ് സുരക്ഷാ മാനദണ്ഡപ്രകാരം ,അപകടകരമായ കുഴികൾ ഒട്ടും വൈകാതെ നികത്തണമെന്ന നിർദ്ദേശം കരാറുകാരൻ നടപ്പാക്കുന്നില്ല. കനത്ത മഴക്കാലത്ത് റോഡ് പൊളിച്ചിട്ട ശേഷം നിർമ്മാണം പൂർത്തിയാക്കാതെ പ്രവൃത്തി നിർത്തിവച്ച കരാറുകാരൻ്റെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അപകടക്കുഴികൾ നികത്താനും, റോഡ് നിർമ്മാണം പുനരാരംഭിക്കാനും അധികൃതർ സത്വര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയതായി വികസന സമിതി ചെയർമാൻ ഷിബു ഐസക്, കൺവീനർ എൽദോസ് പുത്തൻപുര എന്നിവർ അറിയിച്ചു.