പെരുമ്പാവൂർ : വേങ്ങൂർ ഐ.ടി.ഐക്ക് അനുവദിച്ചു നിർമ്മാണം പൂർത്തികരിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു . ബെന്നി ബഹന്നാൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവർ മുഖ്യാതിഥികളായി. സാജു പോൾ Ex എം.എൽ.എ , ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ ബാബു ജോസഫ് എന്നിവർ വിശിഷ്ടാതിഥികളായി. 3.75 കോടി രൂപക്കാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.. 2017 ജൂലൈയിൽ ഭരണാനുമതി ലഭ്യമായ പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തീകരിച്ചത്. രണ്ടാം ഘട്ട കെട്ടിട നിർമ്മാണത്തിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതായും എംഎൽഎ പറഞ്ഞു.
2020 സെപ്റ്റംബറിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ അധ്യക്ഷതയിൽ അന്നത്തെ തൊഴിൽ വകുപ്പ് മന്ത്രി ടി.കെ രാമകൃഷ്ണനാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിച്ചത്. ആദ്യ ഘട്ടത്തിൽ തന്നെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തികരിക്കുന്നതിനാണ് 2017 ൽ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. എന്നാൽ നിർമ്മാണം ആരംഭിച്ച ഘട്ടത്തിൽ പരിശോധന നടത്തിയപ്പോൾ മണ്ണിന് ഉറപ്പ് കുറഞ്ഞ പ്രദേശമായതിനാൽ ചെലവ് കൂടിയ പൈൽ ഫൗണ്ടേഷൻ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് പുതുക്കുകയായിരുന്നു. 230 പൈലുകൾ സ്ഥാപിച്ചാണ് ആദ്യ ഘട്ട നിർമ്മാണം പൂർത്തിയായത്.
12000 ചതുരശ്രയടി ചുറ്റളവിലാണ് കെട്ടിടം പൂർത്തീകരിച്ചത്. 4 വർക്ക് ഷോപ്പുകൾ, 2 ക്ലാസ് മുറികൾ, ഐ.ടി ലാബ്, ഓഫീസ് മുറി, പ്രിൻസിപ്പലിൻ്റെ മുറി, സ്റ്റാഫ് മുറി, അടുക്കള, സ്റ്റോർ എന്നിവ അടങ്ങുന്ന കെട്ടിടമാണ് പൂർത്തിയായത്. ഇലക്ട്രിക്കൽ, സിവിൽ, കമ്പ്യൂട്ടർ കോഴ്സുകൾ ആണ് നിലവിൽ ഇവിടെ പഠിപ്പിക്കുന്നത്.
2010ല്‍ രണ്ട് ട്രേഡുകളിൽ പരിശീലനം നൽകി ആരംഭിച്ച വേങ്ങൂര്‍ ഐ.ടി.ഐയില്‍ ഇപ്പോള്‍ മൂന്ന് ട്രേഡുകളിലായി 120 വിദ്യാർത്ഥികളും 18 അധ്യാപക, നോൺ അധ്യാപക തസ്തികകളും ഉണ്ട്. നെടുങ്ങപ്രയിൽ ഉള്ള വേങ്ങൂർ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലാണ് ഇപ്പോൾ ഐ.ടി.ഐ പ്രവർത്തിപ്പിക്കുന്നത്.
ഇലകട്രോണിക്സ്, ഫിറ്റർ, മെക്കാനിക്കൽ മോട്ടോർ വെഹിക്കിൾ, മെക്കാനിക്കൽ റഫ്രിജറേഷൻ എന്നിവക്കുള്ള വർക്ക് ഷോപ്പുകളാണ് ഇവിടെ നിർമ്മിച്ചത്. ഭാവിയിൽ അനുവദിക്കപ്പെടുന്ന കോഴ്സുകൾക്ക് കൂടി സൗകര്യപ്രദമായ രീതിയിലാണ് രണ്ട് ഘട്ടമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കിയത്. പൊതു മരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് പദ്ധതിയുടെ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കിയത്.
രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് 8 കോടിയോളം രൂപ വേണ്ടി വരും. ഇത് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻക്കുട്ടിക്ക് എൽദോസ് കുന്നപ്പിള്ളി എംഎൽഎ കത്ത് നൽകി. ഡിജിറ്റല്‍ ക്ലാസ് മുറികള്‍, ആധുനികരീതിയിലുള്ള വര്‍ക്ക്ഷോപ്പ്, ലൈബ്രറി, സെമിനാര്‍ ഹാള്‍, കളിസ്ഥലം, ഓഡിറ്റോറിയം, ഗ്രീന്‍ കാമ്പസ് തുടങ്ങിയ സൗകര്യങ്ങൾ അടുത്ത ഘട്ടത്തിൽ ഉൾക്കൊള്ളിക്കുമെന്ന് എംഎൽഎ പറഞ്ഞു.
വ്യവസായിക പരിശീലന വകുപ്പ് അഡീ. ഡയറക്ടർ ശ്രീ ശിവശങ്കരൻ കെ.പി. സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീ അലിയാർ എ.എ. റിപ്പോർട്ട് അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ച് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഷൈനി വർഗീസ്, ശാരദ മോഹൻ, മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ബ്ലോക്ക് മെമ്പർമാരായ ഡെയ്സി ജെയിംസ്, പിയർ നാരായണൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിസി കൃഷ്ണൻകുട്ടി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷീബ ചാക്കപ്പൻ, ശ്രീജ ഷിജോ, ബിജു പീറ്റർ, പഞ്ചായത്ത് അംഗങ്ങളായ ജിനു ബിജു, ആൻസി ജോബി, ബിജു ടി കെ, ബേസിൽ കോര കല്ലറയ്ക്കൽ, ശോഭന വിജയകുമാർ, മരിയ സാജു മാത്യു, ബൈജു പോൾ, പീറ്റർ പി വി, ശശികല, വിനു സാഗർ, ക്രാരീയേലി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ ജി ജയരാജ്, നെടുങ്ങപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സായി പുല്ലൻ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ എം എ ഷാജി, പ്രസന്നകുമാരി വാസു, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എൽദോ ചെറിയാൻ, സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി ജോർജ് ജോയ്, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി എസ് ഭാസ്കരൻ, ഐ എം സി ചെയർമാൻ ബാബു തോമസ്, പിടിഎ പ്രസിഡന്റ് റെജി വർഗീസ്, ഇൻസ്പെക്ടർ ഓഫ് ട്രെയിനിങ് സനൽകുമാർ പി, നോഡൽ ഐടിഐ പ്രിൻസിപ്പാൾ പി കെ രഘുനാഥൻ, സ്റ്റാഫ് സെക്രട്ടറി ജിമ്മി എ വി, ഐടിഐ വേങ്ങൂർ ചെയർമാൻ ആദർശ് സോമൻ, പ്രിൻസിപ്പാൾ സിന്ധു പോൾ തുടങ്ങിയവർ സംസാരിച്ചു.