പെരുമ്പാവൂർ : വെങ്ങോല ഗ്രാമപഞ്ചായത്ത് ടാങ്ക് സിറ്റി പ്രദേശത്ത് നിർമ്മിക്കുന്ന കുടിവെള്ള പദ്ധതിക്ക് തുടക്കമായി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പദ്ധതിയുടെ നിർമ്മാണോദ്‌ഘാടനം നിർവഹിച്ചു. കഴിഞ്ഞ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 17.10 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആലിൻ ചുവട്, വളയൻ ചിറങ്ങര എൽ.പി സ്‌കൂളിന് സമീപമുള്ള പ്രദേശങ്ങളിലെ അറുപതോളം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിലവിലുള്ള ആലിൻ ചുവട് ചിറയിൽ നിന്നാണ് പദ്ധതിക്ക് ആവശ്യമായ ജലം ലഭ്യമാക്കുന്നത്. മോട്ടോർ പുരയും 25000 ലിറ്റർ ശേഷിയുള്ള ജല സംഭരണിയും നിർമ്മിക്കും.
15 കുതിര ശക്തിയുള്ള മോട്ടോർ സ്ഥാപിക്കുന്നതിനും തുക ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജലവിതരണത്തിനായി ഒന്നര കിലോമീറ്റർ ദൈർഘ്യത്തിൽ പൈപ്പ് ലൈനുകളും സ്ഥാപിക്കും. ഈ പ്രദേശങ്ങളിൽ കാലങ്ങളായി കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ജല വകുപ്പിന്റെ കുടിവെള്ളം പോലും ഇവിടെ ലഭ്യമാകുന്നില്ല എന്ന പരാതിയുണ്ട്. നിലവിലുള്ള ആലിൻ ചുവട് പട്ടിക ജാതി കുടിവെള്ള പദ്ധതിക്ക് സമീപമായാണ് പുതിയ പദ്ധതിയും നിർമ്മിക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി ഹമീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അൻവർ അലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംല നാസർ, പഞ്ചായത്ത് അംഗം ഷിഹാബ് പള്ളിക്കൽ, കെ.എം സുകുമാരൻ, ജോജി ജേക്കബ്ബ്, ടി.എം കുര്യാക്കോസ്, വി.എച്ച് മുഹമ്മദ്, എം.പി ജോർജ്ജ്, പി.എ ജോസ്, പി.പി യാക്കോബ് എന്നിവർ സംസാരിച്ചു.