പെരുമ്പാവൂർ : വെങ്ങോല ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിലെ ടാങ്ക് സിറ്റി പ്രദേശത്ത് നിർമ്മിച്ച പാലം നാടിന് സമർപ്പിച്ചു. ആലുവ ബ്രാഞ്ച് പെരിയാർ വാലി കനാലിന് കുറുകെ നിർമ്മിച്ച പുതിയ പാലത്തിന്റെ ഉദ്ഘാടനം മുൻ നിയമസഭ സ്പീക്കർ പി. പി. തങ്കച്ചൻ നിർവഹിച്ചു. എൽദോസ് കുന്നപ്പള്ളി എം.എൽ.എയുടെ കഴിഞ്ഞ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 27.21 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിർമ്മിച്ചത്.
9.3 മീറ്റർ നീളത്തിൽ 5 മീറ്റർ വീതിയിലാണ് പാലത്തിന്റെ നിർമ്മാണം. നിലവിലുള്ള പാലത്തിന് സമാന്തരമായിട്ടാണ് പുതിയ പാലം നിർമ്മിച്ചത്. 54 വർഷം പഴക്കമുള്ള നിലവിലുള്ള പാലം ഇടുങ്ങിയതും കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ചു കൊണ്ടിരിക്കുന്നതുമാണ്. പെരുമ്പാവൂർ, കോലഞ്ചേരി, മൂവാറ്റുപുഴ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ജംഗ്ഷനായ ടാങ്ക് സിറ്റിയിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ല. ജംഗ്‌ഷൻ വികസനത്തിലും കനാൽ പാലം പുനർ നിർമ്മാണത്തിലും ഇടപെടണം എന്നാവശ്യപ്പെട്ട് പ്രദേശവാസികൾ മുൻപ് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ക്ക് നിവേദനം നൽകിയിരുന്നു. ജലസേചന വകുപ്പിനാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല.
അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്വാതി റെജികുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോജി ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം ജോളി ബേബി, വി.എം ഹംസ, തോമസ് പി. കുരുവിള, പി.എ മുക്താർ, എം.ബി ജോയി, ടി.എം കുര്യാക്കോസ്, വി.എച്ച് മുഹമ്മദ്, അനിൽ, പി. പി. യാക്കോബ്, ജോസ് പി.എ, അജിത് കടമ്പനാട് എന്നിവർ സംബന്ധിച്ചു.
You must be logged in to post a comment Login