പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ പരാതിയിൽ നിരന്തരമായി ഈ പ്രദേശത്ത് ഉണ്ടാകുന്ന കാട്ടാന ശല്യവും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
30 കിലോമീറ്റർ ദൂരമെങ്കിലും ഫെൻസിങ് സ്ഥാപിച്ചാൽ മാത്രമാണ് ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുകയുള്ളുവെന്നാണ് എംഎൽഎ പറയുന്നത്. വെള്ളിയാഴ്ച രാവിലെയാണ് ജനവാസ കേന്ദ്രത്തിലെത്തിയ ആന ജനങ്ങളെ ആക്രമിച്ചത്. ആക്രമണത്തിൽ രണ്ടുപേർക്കാണ് പരിക്കേറ്റത്. രാവിലെ 6 മണിക്ക് പ്രഭാത സവാരിക്കിറങ്ങിയ അരുവപ്പാറ കൊടകത്തൊട്ടി വീട്ടിൽ കെ.വി രാഘവൻ (66 വയസ്സ്), വെള്ളാഞ്ഞിൽ വീട്ടിൽ വി.എം എൽദോസ് (62 വയസ്സ് ) എന്നിവരെയാണ് മേക്കപ്പാല ഡെപ്യൂട്ടി റേഞ്ച് ഓഫീസ് പരിസരത്ത് വച്ചു ആന ആക്രമിച്ചത്.
ചിന്നം വിളിച്ചു പാഞ്ഞടുത്ത ആനയെ കണ്ട് പേടിച്ചു നിലത്തു വീണ രാഘവനെയാണ് ആന ആദ്യം അക്രമിച്ചത്. വരിയെല്ലുകൾക്ക് പരിക്കേറ്റ രാഘവൻ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. നിരന്തരമായി കാട്ടാന ശല്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും വനംവകുപ്പിൽ നിന്നോ സർക്കാരിന്റെ ഭാഗത്ത് നിന്നോ നടപടിയുണ്ടായിട്ടില്ല എന്നത് ദൗർഭാഗ്യകരമെന്നും എംഎൽഎ പറഞ്ഞു. പ്രദേശവാസികൾക്ക് അനുകൂലമായ നടപടികൾ ഉണ്ടായില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും എം.എൽ.എ പറഞ്ഞു.
