പെരുമ്പാവൂർ : കൂവപ്പടി ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡായ വല്ലം പാണംകുഴി റോഡിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. റോഡിന്റെ ലെവൽസ് എടുക്കുന്ന പ്രവൃത്തിയാണ് ഇന്നലെ മുതൽ ആരംഭിച്ചത്. ഒരാഴ്ച കൊണ്ട് ഈ പ്രവൃത്തികൾ പൂർത്തീകരിക്കും. കുറിച്ചിലക്കോട് മുതൽ വേങ്ങൂർ ഗ്രാമ പഞ്ചായത്തിലെ പാണംകുഴി വരെയുള്ള 6.200 കിലോമീറ്റർ ദൂരമാണ് ബി.എം ബി.സി നിലവാരത്തിൽ നവീകരിക്കുന്നത്. വെള്ളക്കെട്ട് ഉള്ള ഭാഗങ്ങളിൽ റോഡ് ഉയർത്തിയും കലുങ്കുകളും കാനയും നിർമ്മിച്ചു റോഡ് മികച്ച നിലവരത്തിലാക്കും. 5.5 മീറ്റർ വീതിയിലാണ് റോഡ് ടാർ ചെയ്യുന്നത്. മണ്ഡലത്തിലെ ഏറ്റവും ദുർഘടം നിറഞ്ഞ വഴികളിൽ ഒന്നാണ് വല്ലം പാണംകുഴി റോഡ്. കഴിഞ്ഞ പ്രളയകാലത്ത് കോടനാട് മുതൽ കുറിച്ചിലക്കോട് വരെയുള്ള ഭാഗം വെള്ളത്തിനടിയിൽ ആയിരുന്നു.
ടൂറിസം കേന്ദ്രങ്ങളായ കോടനാട്, പാണിയേലിപ്പോര് എന്നിവയിലേക്കുള്ള പാത എന്ന നിലയിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വല്ലം പാണംകുഴി റോഡ്. 15 ലക്ഷം രൂപ വിനിയോഗിച്ചു മാസങ്ങൾക്ക് മുൻപ് ഇവിടെ കുഴികൾ അടച്ചു നവീകരിച്ചിരുന്നു. കഴിഞ്ഞ സംസ്ഥാന ബജറ്റിലേക്ക് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർദ്ദേശിച്ച റോഡുകളിൽ ഒന്നായിരുന്നു വല്ലം പാണംകുഴി റോഡ്. എന്നാൽ ബജറ്റിൽ ഇരുപത് ശതമാനം തുക മാത്രമാണ് അനുവദിച്ചിരുന്നത്. തുടർന്ന് ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചതിനെ തുടർന്നാണ് അനുമതി ലഭ്യമായത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി പ്രകാശ്, എൽദോ പാത്തിക്കൽ എന്നിവർ എം.എൽ.എയോടൊപ്പം റോഡ് സന്ദർശിച്ചു.