പെരുമ്പാവൂര്‍: നിലവിലെ നഗരസഭാ കാര്യാലയം പൊളിച്ച് 20 കോടി രൂപ ചെലവില്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കാന്‍ പെരുമ്പാവൂര്‍ നഗരസഭ ബജറ്റ് പ്രഖ്യാപനം. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വകയിരുത്തി. മുനിസിപ്പല്‍ ലൈബ്രറി ഹാളിനോട് ചേര്‍ന്ന് പുതിയ നഗരസഭാ കാര്യാലയം നിര്‍മ്മിക്കും. 48.77 കോടി രൂപ വരവും 48.05 കോടി രൂപ ചെലവും 72.01 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ സാലിദ സിയാദ് അവതരിപ്പിച്ചു. നഗരസഭാധ്യക്ഷന്‍ ബിജു ജോണ്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. കാളച്ചന്ത പ്രവര്‍ത്തിക്കുന്ന ഭാഗത്ത് വ്യാപാര സമുച്ചയം നിര്‍മ്മിക്കാന്‍ 10 കോടിയും, താലൂക്ക് ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് 2.10 കോടിയും വകയിരുത്തി. ഔഷധി ജംഗ്ഷനില്‍ സിഗ്‌നല്‍ സംവിധാനം സൗഹൃദ റോഡ് നിര്‍മ്മാണം, നഗരസഭ കെട്ടിടങ്ങളില്‍ സോളര്‍ പാനല്‍ സ്ഥാപിക്കല്‍ തുടങ്ങിയവക്കായി 5.98 കോടി വകയിരുത്തി. ബയോഗ്യാസ് പ്ലാന്റ് നിര്‍മാണം തുടങ്ങിയ ഖരമാലിന്യ പരിപാലന പദ്ധതിക്ക് 80 ലക്ഷവും, നഗരസഭയുടെ കീഴിലുള്ള സ്‌കൂളുകളുടെ നവീകരണത്തിന് 56 ലക്ഷവും വകയിരുത്തി.
മറ്റു പദ്ധതികള്‍ : അമൃത് പദ്ധതിയില്‍ കുടിവെള്ള കണക്ഷനെടുക്കാന്‍ 5.81 കോടി വകയിരുത്തി. കൃഷി പ്രോത്സാഹനം 15.82 ലക്ഷം, മൃഗസംരക്ഷണം 8.94 ലക്ഷം, സ്വയം തൊഴില്‍ വായ്പ പദ്ധതി 15.82 ലക്ഷം, ഇരിങ്ങോള്‍ ഐരാറ്റുചിറ നവീകരണം 36.89 ലക്ഷം, ശുദ്ധജല സ്രോതസ് സംരക്ഷണം (അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ) 99.55 ലക്ഷം, മാലിന്യ നിര്‍മാര്‍ജനം 1.15 കോടി, പട്ടികജാതി പട്ടികവര്‍ഗ വികസനം 23.42 ലക്ഷം, തൊഴിലുറപ്പ് പദ്ധതി 99.55 ലക്ഷം, വഴിയോര കച്ചവടക്കാരുടെ പുനരധിവാസം, തിരിച്ചറിയല്‍ കാര്‍ഡ് വിതരണം 85.50 ലക്ഷം, മുനിസിപ്പല്‍ ലൈബ്രറി നവീകരണം 10 ലക്ഷം, സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി 74. 66 ലക്ഷം, കെ.സ്മാര്‍ട് അടിസ്ഥാന സൗകര്യം ഒരുക്കല്‍ 15 ലക്ഷം, ഭിന്നശേഷി ക്ഷേമം 21.75, ആയുര്‍വേദ ആശുപത്രി നവീകരണവും നടത്തിപ്പും 46 ലക്ഷം, ഹെല്‍ത്ത് ഗ്രാന്റ് 1.07 കോടി, സുഭാഷ് മൈതാനത്ത് ഓപ്പണ്‍ ജിമ്മും ഇരിപ്പിടങ്ങളും അഞ്ച് ലക്ഷം, വല്ലം കടവില്‍ പുഴയോര ടൂറിസം 10 ലക്ഷം, പൊതുശുചിമുറി 10 ലക്ഷം, ഇരിങ്ങോള്‍ നാഗഞ്ചേരി മന നവീകരണം 10 ലക്ഷം.