പെരുമ്പാവൂർ : ഓട്ടോറിക്ഷ തൊഴിലാളികൾക്ക് അടിയന്തിരമായി ക്ഷേമനിധി ബോർഡിൽ നിന്നും ധനസഹായം അനുവദിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രിക്ക് നൽകിയ അവശ്യപ്പെട്ടു. തൊഴിലാളികൾ ധനസഹായത്തിനായി അപേക്ഷിച്ചു ഒരു മാസം കഴിഞ്ഞിട്ടും സർക്കാർ ഇതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് എം.എൽ.എ കുറ്റപ്പെടുത്തി.
നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളികൾ കഴിഞ്ഞ രണ്ട് മാസക്കാലമായി ജീവിതം ദുരിതത്തിലാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അവരുടെ കുടുംബങ്ങളെ നന്നായി ബാധിച്ചിട്ടുണ്ട്. അന്നത്തെ ദിവസത്തെ കുടുംബ ചിലവ് കഴിഞ്ഞു പോകും എന്നതിനപ്പുറം സമ്പാദ്യം എന്നത് ഓട്ടോറിക്ഷ തൊഴിലാളികൾക്ക് അന്യമാണ്. കോടിക്കണക്കിന് തുകയാണ് ഓട്ടോറിക്ഷ തൊഴിലാളികളുടെ വിഹിതമായി ക്ഷേമനിധി ബോർഡിലേക്ക് അടക്കുന്നത്. ക്ഷേമനിധിയിൽ അംഗത്വമുള്ള ഓട്ടോറിക്ഷ തൊഴിലാളികൾക്ക് 2000 രൂപയും അംഗത്വം ഇല്ലാത്തവർക്ക് 1000 രൂപയും അടിയന്തിരമായി ധനസഹായം അനുവദിക്കണം. ഈ സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് അഞ്ച് വർഷത്തെ നികുതി ഒരുമിച്ചു അടയ്ക്കുന്ന അവസ്ഥയിലേക്ക് നയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഓട്ടോറിക്ഷ തൊഴിലാളികളുടെ ആവശ്യം ന്യായമാണ് എന്ന കാര്യത്തിൽ സംശയമില്ല. ഈ വിഷയത്തിൽ അടിയന്തിര ശ്രദ്ധ പതിപ്പിച്ചു ഇവരുടെ ക്ഷേമനിധി വിഹിതം അടിയന്തിരമായി അനുവദിച്ചു നൽകണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ എം.എൽ.എ ആവശ്യപ്പെട്ടു.