പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡിന്റെ കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നിസംഗതക്കെതിരെ അവലോകന യോഗത്തിൽ രോഷാകുലനായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. കഴിഞ്ഞ തവണ നടത്തിയ അവലോകന യോഗത്തിൽ എടുത്ത തീരുമാനങ്ങൾ പാലിക്കുന്നില്ല എന്നാണ് എം.എൽ.എ ആരോപിക്കുന്നത്. മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ അവലോകനം ചെയ്യുന്നതിനാണ് എം.എൽ.എ യോഗം വിളിച്ചു ചേർത്തത്. ഇനി മുതൽ എല്ലാ ദിവസവും പദ്ധതിയുമായി ബന്ധപ്പെട്ട് അവലോകനം ചെയ്യുന്നതിന് തീരുമാനമായി. പൊതുമരാമത്ത് വകുപ്പ് പ്രതിനിധി, കരാറുകാരന്റെ പ്രതിനിധി എന്നിവർ യോഗത്തിൽ പങ്കെടുക്കും. വാട്ടർ അതോറിറ്റിയുമായി സംയുക്ത പരിശോധന നടത്തി മണ്ണൂർ പോഞ്ഞാശ്ശേരി റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ എം.എൽ.എ നിർദ്ദേശിച്ചു. മണ്ണ് നീക്കം ചെയ്തപ്പോൾ കണ്ടെത്തിയ പാറ പൊട്ടിച്ചു നീക്കം ചെയ്യുന്നതിന് കരാറുകാരനോട് നിർദ്ദേശം നൽകണമെന്നും പൊതുമരാമത്ത് വകുപ്പിനോട് എം.എൽ.എ ആവശ്യപ്പെട്ടു.
റോഡിൽ ജി.എസ്.ബി മിശ്രിതം ഇട്ട് ഉറപ്പിക്കുന്നതിനുള്ള സാമ്പിൾ ഇതുവരെ കരാറുകാരൻ നൽകിയിട്ടില്ല എന്ന് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വേങ്ങൂർ ഐ.റ്റി.ഐ, പെരുമ്പാവൂർ ബൈപ്പാസ്, തുറ പാലം, റയോൺപുരം പാലം, ആലുവ മൂന്നാർ റോഡ്, കുറുപ്പംപടി കുറിച്ചിലക്കോട് റോഡ്, ബജറ്റ് പ്രൊവിഷൻ വർക്കുകൾ എന്നിവയാണ് അവലോകനം ചെയ്ത പ്രവൃത്തികൾ. പദ്ധതികൾ സമയബന്ധിതമായി പൂർത്തികരിക്കുവാൻ എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ഉദ്യോഗസ്ഥരായ റജീന ബീവി എൻ.എ, ദേവകുമാർ ഇ.കെ, ശാരിക ടി.എസ്, അർച്ചന കെ.അനി, കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ഇന്ദു പി, സന്തോഷ് കുമാർ കെ.പി, അരുൺ എം.എസ്, പാലങ്ങൾ വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയർ പിയൂസ് വർഗീസ്, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ ജോളി കെ.കെ, എം.ഇ ഔസേപ്പ്, പൗലോസ് ടി.വി, കരാറുകാരും യോഗത്തിൽ പങ്കെടുത്തു.