പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡിന്റെ ശോചനീയാവസ്ഥയിൽ നടപടികൾ സ്വീകരിക്കാത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാരന്റെ അലംഭാവത്തിനെതിരെയും എൽദോസ് കുന്നപ്പിള്ളി എംഎൽഎ ചൊവ്വാഴ്ച പെരുമ്പാവൂർ പൊതുമരാമത്ത് വകുപ്പ് ഓഫിസിന് മുന്നിൽ ഉപവസിക്കും. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് അവലോകന യോഗങ്ങൾ ഓഫീസിലും ഓൺലൈൻ വഴിയും വിളിച്ചു ചേർത്തെങ്കിലും പൊതുമരാമത്ത് വകുപ്പ് അനങ്ങുന്നില്ല. മന്ത്രിയെ നേരിൽ കണ്ടും കത്ത് വഴിയും വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുവാൻ ആവശ്യപ്പെട്ടിട്ടും റോഡ് നിർമ്മാണത്തിന് വേഗത വന്നില്ലെന്നും എംഎൽഎ പറയുന്നു. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു എൽദോസ് കുന്നപ്പിള്ളി എംഎൽഎ കിഫ്ബിയിലും കേരള റോഡ് ഫണ്ട് ബോർഡിലും നേരിട്ട് ചെന്ന് കാര്യങ്ങൾ അവതരിപ്പിച്ചിട്ടും നടപടികൾ വൈകുകയാണ്.
എറണാകുളം ജില്ലയിലെ 3 മണ്ഡലങ്ങളിൽ കൂടി കടന്നുപോകുന്ന റോഡാണ് മണ്ണൂർ പോഞ്ഞാശ്ശേരി റോഡ്. എം.സി റോഡിലെ തിരക്ക് ഒഴിവാക്കുന്നതിന് ഈ റോഡ് ഉപയോഗപ്പെടുത്തുവാൻ സാധിക്കും. പെരുമ്പാവൂർ ടൗണിൽ കൂടി പോകാതെ തന്നെ പടിഞ്ഞാറൻ മേഖലയിലേക്ക് എത്തിച്ചേരുന്നതിനും മണ്ണൂർ പോഞ്ഞാശ്ശേരി റോഡ് സഹായകരമാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്നതിനും ഈ റോഡ് ഉപകരിക്കുന്നുണ്ട്. അതിനാൽ തന്നെ ഈ റോഡിന്റെ പ്രാധാന്യം ഏറെയാണ്.
സംസ്ഥാന സർക്കാരിന്റെ ആദ്യത്തെ ബജറ്റിൽ 10 കോടി രൂപ അനുവദിച്ച റോഡാണ് മണ്ണൂർ പോഞ്ഞാശ്ശേരി റോഡ്. സർവ്വേ നടപടികൾ പൂർത്തീകരിച്ചു വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞപ്പോൾ 23.74 കോടി രൂപയായി പദ്ധതി ചെലവ് ഉയർന്നു. തുടർന്ന് ഈ പദ്ധതിക്ക് കിഫ്ബി അംഗീകാരം നൽകുകയും ടെൻഡർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു 2019 ജനുവരി അഞ്ചിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ ജി സുധാകരൻ നിർമ്മാണണോദ്‌ഘാടനം നിർവഹിക്കുകയും ചെയ്തു.
എന്നാൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു 21 മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തികരിക്കുവാൻ ഇതുവരെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല. 2019 മുതൽ കൊറോണ വൈറസ് വ്യാപിക്കുന്ന ഘട്ടത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കന്നതിന് മുൻപ് വരെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വൈദ്യുതി ബോർഡ്, വാട്ടർ അതോറിറ്റി, താലൂക്ക് സർവ്വേ വിഭാഗം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചു എംഎൽഎ ഓഫിസിൽ അവലോകന യോഗങ്ങൾ ചേർന്നിട്ടുണ്ട്. ഇത് കൂടാതെ ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ ടെലിഫോൺ വഴിയുള്ള യോഗങ്ങളും ചേർന്ന് ഈ പദ്ധതി വേഗത്തിലാക്കുവാൻ പരമാവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട് എന്ന് എംഎൽഎ പറഞ്ഞു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി അൽപ്പം എങ്കിലും മുന്നോട്ടു പോയത്.
വെങ്ങോല മുതൽ പോഞ്ഞാശ്ശേരി വരെയുള്ള 3.50 കിലോമീറ്റർ ദൂരം ആദ്യമേ തന്നെ ആദ്യഘട്ട ടാറിംഗ് പൂർത്തികരിച്ചിരുന്നു. വെങ്ങോല മുതൽ മണ്ണൂർ വരെയുള്ള 8 കിലോമീറ്റർ ദൂരമാണ് പദ്ധതി ഇഴഞ്ഞു നീങ്ങുന്നത്. ഇവിടെ കലുങ്കുകളും കാനകളും നിർമ്മിക്കേണ്ടതുണ്ട്. അതിന്റെ നിർമ്മാണം ഇതുവരെ പൂർത്തികരിച്ചിട്ടില്ല. അതിന്റെ നടപടികളും പൂർത്തികരിച്ചിട്ടില്ല. വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായി. റോഡ് കയ്യേറ്റം സംബന്ധിച്ച സർവ്വേ നടപടികളും പൂർത്തീകരിച്ചു. റോഡിന്റെ വശങ്ങളിലെ മരങ്ങളും വെട്ടി മാറ്റി. വൈദ്യുതി ബോർഡ് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന നടപടികളും പൂർത്തീകരിച്ചു.
കേരള റോഡ് ഫണ്ട് ബോർഡിന്റെ ഡ്രോൺ സർവ്വേയും പദ്ധതി പ്രദേശത്ത് നടത്തുന്ന ടോട്ടൽ സ്റ്റേഷൻ സർവേയും തമ്മിൽ യാതൊരു ബന്ധവും ഇല്ലാത്ത രീതിയിലാണ് നിലവിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എടുത്തു വെച്ചിരിക്കുന്നത്. പദ്ധതി വൈകുന്നതിന് ഇതും ഒരു പ്രധാന കാരണമായി. ഉദ്യോഗസ്ഥ തലത്തിലെ കുറ്റകരമായ ഒരു അനാസ്ഥയാണ് ഇത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ റോഡ് നിർമാണം നടക്കുന്ന സ്ഥലത്ത് പോയി ഇടപെടൽ നടത്താത്തത് കൊണ്ടും മേൽനോട്ടം വഹിക്കാത്തത് കൊണ്ടും ഉണ്ടായ അപാകതയായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ വിഷയം ചൂണ്ടി കാട്ടി ആഗസ്റ്റ് മാസം ഇരുപത്തിയൊന്നാം തിയ്യതി മന്ത്രി ജി സുധാകരന് എൽദോസ് കുന്നപ്പിള്ളി പരാതി നൽകിയിരുന്നു. റോഡ് നിർമ്മാണത്തിന്റെ കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള കാലാവധി നീട്ടി നൽകുന്നതിനും എൽദോസ് കുന്നപ്പിള്ളി കൃത്യമായ രീതിയിൽ ഇടപെട്ടിരുന്നു. കൃത്യമായ രീതിയിൽ പദ്ധതി മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കാത്ത സാഹചര്യത്തിൽ കരാറുകാരനെ ഒഴിവാക്കി റി ടെൻഡർ ചെയ്തു പദ്ധതി വേഗത്തിൽ പൂർത്തികരിക്കുന്നതിനും കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെടുന്നു.