പെരുമ്പാവൂർ : മണ്ഡലത്തിലെ ഏറ്റവും മോശമായ രണ്ട് റോഡുകൾ ടാറിംഗ് നടത്തി നവീകരിക്കുന്നതിന് 2.15 കോടി രൂപ അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. അശമന്നൂർ പഞ്ചായത്തിലെ പാണിയേലി മൂവാറ്റുപുഴ റോഡിന് 1.40 കോടി രൂപയും ഓടക്കാലി നാഗഞ്ചേരി റോഡിന് 75 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പ്രീ മിക്സഡ് ക്ലോസ്ഡ് ഗ്രേഡഡ് രീതിയിലാണ് റോഡ് ടാറിംഗ് ചെയ്തു സഞ്ചാര യോഗ്യമക്കുന്നത്. പാണിയേലി മൂവാറ്റുപുഴ റോഡിൻ്റെ ഓടക്കാലി മുതൽ മേതല വരെയുള്ള ഭാഗമാണ് ടാറിംഗ് ചെയ്യുന്നത്. 3.250 കിലോ മീറ്റർ ദൂരത്തിൽ ആണ് ടാറിംഗ് ചെയ്തു റോഡ് പുനർ നിർമ്മിക്കുന്നത്. ഓടക്കാലി നാഗഞ്ചേരി റോഡിൻ്റെ 1.850 കിലോ മീറ്റർ ദൂരം (പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന ഭാഗം ) ടാർ ചെയ്തു സഞ്ചാര യോഗ്യമാക്കും.
ബിഎം ബിസി രീതിയിൽ ഉന്നത നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിനുള്ള തുകയായിരുന്നു ആവശ്യപ്പെട്ടത് എങ്കിലും ഫണ്ടിൻ്റെ അപരാപ്തത മൂലം പ്രീ മിക്സഡ് ക്ലോസ്ഡ് ഗ്രേഡഡ് രീതിയിൽ റോഡ് പുനുദ്ധാരണത്തിനുള്ള തുകയാണ് അനുവദിക്കപ്പെട്ടതെന്ന് എംഎൽഎ പറഞ്ഞു. നിരവധി ഭാര വാഹനങ്ങൾ ഈ റോഡുകളിൽ കൂടി കടന്ന് പോകുന്നുണ്ട്. സാധാരണ 20 എംഎം രീതിയിൽ ടാറിംഗ് നടത്തിയാൽ റോഡ് നിലനിൽക്കില്ല. അത് കൊണ്ടാണ് കുറച്ചു കൂടി മെച്ചപ്പെട്ട പ്രീ മിക്സഡ് ക്ലോസ്ഡ് ഗ്രേഡഡ് രീതിയിൽ ടാറിംഗ് ചെയ്യുന്നതിന് തുക അനുവദിച്ചത്.