പെരുമ്പാവൂർ : പെരുമ്പാവൂർ ഗവ. ഗേൾസ് സ്‌കൂൾ പുതിയ കെട്ടിടം ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി ടി.എം തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂൾ തലത്തിൽ നടന്ന ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ശിലാഫലകം അനാച്ഛാദനം നിർവഹിച്ചു. നഗരസഭ അധ്യക്ഷൻ ടി.എം സക്കീർ ഹുസൈൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 1890 കളിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ യൂ.പി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 1700 ന് മുകളിൽ കുട്ടികൾ പഠിക്കുന്നുണ്ട്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായുള്ള 2 കെട്ടിടമാണ് ഇവിടെ നിർമ്മിച്ചത്. നിലവിലുള്ള ഹയർസെക്കൻഡറി ബ്ലോക്കിനോട് ചേർന്നും താഴെ ഓഡിറ്റോറിയത്തിനടുത്തുമാണ് രണ്ട് കെട്ടിടങ്ങൾ നിർമ്മിച്ചത്.
12 ക്ലാസ് മുറികൾ കൂടാതെ ലൈബ്രറി, അധ്യാപകർക്കായി സ്റ്റാഫ് റൂം, അടുക്കള കെട്ടിടം, ഡൈനിംഗ് ഹാൾ, സ്റ്റോർ റൂമുകൾ, യു.പി ബ്ലോക്കിൽ ഉൾപ്പെടെ എല്ലാ നിലകളിലും ശുചിമുറികളും പുതിയതായി നിർമ്മിക്കുന്ന ഇരുപത്തയ്യായിരം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിൽ ഉൾക്കൊള്ളിച്ചു.
കിറ്റ്‌ക്കോ ആണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. കേന്ദ്ര സർക്കാർ സ്ഥാപനമായ വാപ്ക്കോസ് ആണ് പദ്ധതിയുടെ നിർമ്മാണ മേൽനോട്ട പ്രവർത്തനങ്ങളുടെ ചുമതല നിർവഹിച്ചത്. ടെൽക്ക് ചെയർമാൻ എൻ.സി മോഹനൻ മുഖ്യാതിഥി ആയിരുന്നു. നഗരസഭ വൈസ് ചെയർപേഴ്‌സൺ ഷീബ ബേബി, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജോൺ ജേക്കബ്, കൗൺസിലർമാരായ സതി ജയകൃഷ്ണൻ, സിറാജ്, ഷെമീന ഷാനവാസ്, ശാലു ശരത്, അനിത ദേവി പ്രകാശ്, ആനി മാർട്ടിൻ, ലത സുകുമാരൻ, ഐവി ഷിബു, സാലിത സി.ആർ, പി.എസ് അഭിലാഷ്, കൈറ്റ് പ്രതിനിധി അജി ജോൺ, ഡയറ്റ് പ്രിൻസിപ്പാൾ ടി. ശ്രീകുമാരി, അസി. വിദ്യാഭ്യാസ ഓഫീസർ രമ വി, ഹെഡ്മിസ്ട്രസ് ഉഷാകുമാരി ജി, പ്രിൻസിപ്പൽ സുകു എസ്, പി.ടി.എ പ്രസിഡന്റ് ടി.എം നസീർ, മുൻ ഹെഡ്മാസ്റ്റർ സി.കെ രാജു, സലിം ഫാറൂഖി, സബീന മുജീബ് എന്നിവർ സംസാരിച്ചു.