പെരുമ്പാവൂർ : നിർമ്മാണം പൂർത്തിയാക്കിയ റോഡുകളിൽ ഗ്യാരണ്ടി കാലാവധി കാണിക്കുന്ന ബോർഡ് സ്ഥാപിക്കുന്നതിന്റെ നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ഉദ്ഘാടനം പെരുമ്പാവൂർ മണ്ഡലത്തിലെ കുറുപ്പംപടി സെക്ഷന് കീഴിളുള്ള പുല്ലുവഴി – തട്ടാംമുകൾ റോഡിൽ എം സി റോഡിന് സമീപം പുല്ലുവഴിയിൽ ബോർഡ് സ്ഥാപിച്ചുകൊണ്ട് പെരുമ്പാവൂർ എം എൽ എ എൽദോസ് പി കുന്നപ്പിള്ളിൽ നിർവഹിച്ചു നിർവ്വഹിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥത യിലുള്ള റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയായ റോഡിന്റെ ഇരുഭാഗത്തും നിർമ്മാണം നടത്തിയ കരാറുകാരന്റെയും പ്രവർത്തി നിർവ്വഹിച്ച ഉദ്യോഗസ്ഥന്റെയും പേരും ഫോൺ നമ്പറും പ്രദർശിപ്പിക്കും. കൂടാതെ റോഡിന്റെ പരിപാലന കാലാവധി കൂടി പ്രദർശിപ്പിക്കും.
കാലാവധിക്കുള്ളിൽ റോഡിന് ഏതെങ്കിലും വിധത്തിലുള്ള കേടുപാടുകൾ സംഭവിച്ചാൽ പൊതുജനങ്ങൾക്ക് കരാറുകാരന്റെയോ എഞ്ചിനീയറുടെയോ ടോൾഫ്രീ നമ്പറിൽ പരാതിപ്പെടാവുന്നതാണ്. കാലാവധിക്കുള്ളിൽ ആണ് റോഡ് തകരുന്നതെങ്കിൽ കരാറുകാരൻ സ്വന്തം നിലയിൽ നന്നാക്കണമെന്നാണ് നിയമത്തിൽ പറയുന്നത്. ചടങ്ങിൽ രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. പി അജയകുമാർ അദ്ധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് അംഗം ജോയി പൂണേലി, പൊതുമരാമത്ത് ഉദ്യോഗസ്ഥരായ എക്സിക്യൂട്ടീവ് എഞ്ചനീയർ ഷിജി കരുണാകരൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചനീയർ ദേവകുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.
