പെരുമ്പാവൂർ : പെരുമ്പാവൂർ ടൗൺ ബൈപ്പാസ് പദ്ധതിക്കായി ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ പൂർത്തീകരിച്ചു. ഇതേ തുടർന്ന് പദ്ധതിയുടെ ടെൻഡർ നടപടികൾ ആരംഭിക്കുവാൻ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളക്ക് നിർദ്ദേശം നൽകിയതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് YMCA ഹാളിൽ ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ.
സർവീസിൽ നിന്നും വിരമിച്ച ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്ടർ പി.ബി സുനിലാലിനെ യോഗത്തിൽ ആദരിച്ചു. പെരുമ്പാവൂർ ബൈപ്പാസുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുവാൻ ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്ടർ എന്ന നിലയിൽ പി.ബി സുനിലാൽ വഹിച്ച പങ്ക് നിർണായകമാണ്. ഡെപ്യൂട്ടി കളക്ടർക്ക് എൽദോസ് കുന്നപ്പിള്ളി എംഎൽഎ സ്നേഹോപഹാരം നൽകി. ഇത്രയും വേഗത്തിൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയത് പെരുമ്പാവൂർ ബൈപ്പാസിന് പദ്ധതിക്ക് മാത്രമാണെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു.
പെരുമ്പാവൂർ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ഈ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത് കിറ്റ് കോയാണ്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. പുതുതായി നാറ്റ്പാക്ക് നിർദ്ദേശിച്ച കാര്യങ്ങൾ അംഗീകരിക്കുന്നതിന് വേണ്ടി വിവിധ ചീഫ് എൻജിനീയർമാരുടെ യോഗം ഉടൻ ചേരും.
ഭൂമി ഏറ്റെടുക്കൽ വിഭാഗം തഹസിൽദാർ ബോബി റോസ് രാജേഷ്, മുൻ ഗവ പ്ലീഡർ അഡ്വ. ഒ. വി അനീഷ്, ആർ. ഡി. ബി. സി. കെ , നാറ്റ്പാക് , കെ.ആർ.എഫ്. ബി , റവന്യൂ കളക്റ്റിലെ വിവിധ ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.