പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെരിയാർ വാലി ഇറിഗേഷൻ പ്രൊജക്ടിലെ സ്റ്റോർ കീപ്പറാണ്. ഇറിഗേഷൻ പ്രൊജക്ടിന്‍റെ ആവശ്യത്തിലേക്കാണെന്ന് പറഞ്ഞ് നെറ്റ് ലോഗ് സൊലൂഷൻ എന്ന സ്ഥാപനത്തിൽ നിന്ന് 175 ഓളം ലാപ്പ്ടോപ്പുകൾ കൊട്ടേഷൻ പ്രകാരം ക്രെഡിറ്റ് സംവിധാനത്തിൽ വാങ്ങുകയായിരുന്നു. തുടർന്ന് പണം നൽകാതെ കബളിപ്പിക്കുകയായിരുന്നു.
പെരിയാർ വാലിയുടെ പെരുമ്പാവൂർ ഓഫീസിൽ ലാപ്പ്ടോപ്പുകൾ ഇറക്കിവച്ച ശേഷം വീട്ടിലേക്ക് കടത്തുകയായിരുന്നു. സ്വന്തം ആവശ്യത്തിനെന്നാണ് അവിടത്തെ ഉദ്യോഗസ്ഥരെ വിശ്വസിപ്പിച്ചിരുന്നത്. ക്വാറി ലൈസൻസ് കിട്ടുന്നതിനായി വ്യാജരേഖ ചമച്ച കേസിലും ഇയാൾ കൂട്ടു പ്രതിയാണ്. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത് , എസ്.ഐ ജോസി എം ജോൺസൻ , എ.എസ്.ഐ മാരായ ജയചന്ദ്രൻ, സിനിൽ കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
