കോതമംഗലം : വന്യ മൃഗശല്യം ഫലപ്രദമായി തടയുന്നതിനായി കോതമംഗലം കേന്ദ്രീകരിച്ചുകൊണ്ട് അനുവദിച്ച പുതിയ ആർ ആർ ടി (റാപ്പിഡ് റെസ്പോൺസ് ടീം ) പ്രവർത്തനം ആരംഭിച്ചു . ആന്റണി ജോൺ എം എൽ എ പുതിയ ആർ ആർ ടി ഉദ്ഘാടനം നിർവഹിച്ചു .കോതമംഗലം ഡിവിഷനിൽ 24 മണിക്കൂറും ആർ ആർ ടി ടീമിന്റെ സേവനം ഉറപ്പ് വരുത്തുകയും, ആവശ്യമായ പ്രതിരോധ ഉപകരണങ്ങളും, ആവിശ്യമായ ജീവനക്കാരെയും,ആർ ആർ ടി ടീമിന്റെ ഭാഗമായി നിയമിച്ചിട്ടുള്ളതായും എം എൽ എ പറഞ്ഞു .മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ട്രഞ്ച്,ഹാങ്ങിങ് ഫെൻസിങ്, ഫെൻസിങ് എന്നിവ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തികൾ ആരംഭിച്ചതായും മുഴുവൻ പ്രവർത്തികളും സമയബന്ധിതമായി തന്നെ പൂർത്തീകരിക്കുമെന്നും എം എൽ എ പറഞ്ഞു. കോതമംഗലം മണ്ഡലത്തിലെ മുഴുവൻ ഫോറെസ്റ്റ് റേഞ്ചുകളും കേന്ദ്രീകരിച്ചുകൊണ്ട് വന്യ മൃഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുതകുന്ന അത്യാധുനീക സംവിധാനങ്ങളുള്ള വാഹനങ്ങൾ എം എൽ എ ഫണ്ട് വിനിയോഗിച്ച് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി എം എൽ എ പറഞ്ഞു.
കൂടാതെ കന്നി 20 പെരുന്നാളിന് മുന്നോടിയായി വന്യ ജീവി സാന്നിധ്യമുള്ള പ്രദേശങ്ങളിൽ സ്പെഷ്യൽ ഡ്രൈവ് നടത്താൻ തീരുമാനിച്ചു . പുന്നേക്കാട് ഫോറെസ്റ്റ് സെക്ഷൻ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഹൈറേഞ്ച് സർക്കിൾ സി.സി.എഫ്. അരുൺ ആർ.IFS, കോതമംഗലം ഡി എഫ് ഒ പി യു സാജു IFS ,കോതമംഗലം റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.എ.ജലീൽ, കാളിയാർ, മുള്ളരിങ്ങാട്, തൊടുപുഴ എന്നിവിടങ്ങളിലെ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാർ, വാർഡ് മെമ്പർ ജിജോ ആന്റണി, വനസംരക്ഷണ സമിതി ഏലിയാസ്, വൈസ് പ്രസിഡന്റ് ബീന റോജോ, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ, കെ ഒ കുര്യാക്കോസ്, മറ്റ് ജന പ്രതിനിധികളും, പൊതു പ്രവർത്തകരും, എലിഫെന്റ് വാച്ചർമാരും, ചേലമല വി. എസ്. എസ്. അംഗങ്ങളും,വനം വകുപ്പ് ഉദ്യോഗസ്ഥറടക്കം നിരവധി പേർ സന്നിഹിതരായിരുന്നു.വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് റാപ്പിഡ് റെസ്പോൺസ് ടീമിൻ്റെ സേവനത്തിനായി 24 മണിക്കൂറും പൊതുജനങ്ങൾക്ക് 8547601331 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും എം എൽ എ പറഞ്ഞു.