നേരിയമംഗലം : വാഹന യാത്രക്കാരുടെ പേടിസ്വപ്നമാണ് ചാക്കോച്ചി വളവ്. കൊച്ചി -ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ നേര്യമംഗലം ചാക്കോച്ചി വളവിലൂടെ ആയിരക്കണക്കിന് വാഹനങ്ങലാണ് ദിവസേന കടന്ന് പോകുന്നത്. ചെറുതും വലുതുമായ നിരവധി വാഹന അപകടങ്ങളാണ് ഈ മേഖലയിൽ നടന്നിട്ടുള്ളത്. രാവിലെ നടന്ന കെ എസ് ആർ ടി സി ബസ് അപകടത്തിൽ മരണപെട്ട വാളറ കുളമാവുംകുഴി സ്വദേശി പാലക്കൽ സജി (40 ) വേർപാട് നാടിനു നൊമ്പരമായി. അപകടം നടക്കുന്നതിന് 3 കിലോമീറ്റർ പുറകിൽ വാളറ കെ ടി ഡി സി പടിയിൽ നിന്നാണ് സജിയും, പിതാവ് ജോസ്ഫ്ഉം ഈ ബസിൽ കയറുന്നത്. ബസിൽ കയറിയ അവസാന യാത്രക്കാരനും സജീവ് ആയിരുന്നു. സജീവും, പിതാവ് ജോസഫ്നും ടിക്കറ്റ് കൊടുത്തു കഴിഞ്ഞ് ഏതാനും നിമിഷങ്ങൾക്കുള്ളിലാണ് അപകടം സംഭവിക്കുന്നത്. ചികിത്സക്കായി സജിയെ കൊണ്ട് പിതാവ് ജോസഫ് എറണാകുളത്തെ ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് ഈ ദുരന്തം. പരിക്ക് പറ്റിയ ജോസഫ് കോതമംഗലത്തെ സ്വകര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് നടന്ന ksrtc മൂന്നാർ എറണാകുളം ബസിന്റെ അപകടം കൂടി ചാക്കോച്ചി എന്ന ബസ് സമ്മാനിച്ച സ്ഥല നാമത്തിലേക്ക് എഴുതിച്ചേർക്കുകയാണ്. ഇരുപത് വർഷങ്ങൾക്ക് മുൻപ് കോതമംഗലം-നേരിയമംഗലം-ആറാം മൈൽ വഴി – മാമലക്കണ്ടം സർവീസ് നടത്തിയിരുന്ന പ്രൈവറ്റ് ബസ് ആയിരുന്നു ചാക്കോച്ചി. അന്നത്തെ ബസിന്റെ സ്റ്റിയറിങ് പ്രശ്‌നവും, ഡ്രൈവറുടെ ഒരു കൈയുടെ ബലക്കുറവും മൂലമാണ് അപകടം നടന്നതെന്നും നിരവധി യാത്രക്കാർ മരിക്കുവാൻ ഇടവന്നതുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുകയായിരുന്നു. തുടർന്ന് അംഗ പരിമിതി ഉള്ളവരെ ഡ്രൈവർ ജോലിയിൽ നിന്നും വിലക്കുന്ന നിയമം കർക്കശമായി നടപ്പിലാക്കുകയായിരുന്നു. നിരവധി നാളുകൾ വാർത്തകളിൽ ഇടം പിടിച്ച ചാക്കോച്ചി ബസ് അപകടം നടന്ന സ്ഥലത്തിന് കാലക്രമേണ ചാക്കോച്ചി വളവ് എന്ന നാമകരണം ലഭിക്കുകയായിരുന്നു. അന്ന് അപകടത്തിൽ പെട്ട ചാക്കോച്ചി ഇന്നും ഈ കൊക്കയുടെ അഗാതത്തിൽ അന്ത്യവിശ്രമം കൊള്ളുകയാണെന്ന സവിശേഷതയും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.