കോതമംഗലം: നെല്ലിക്കുഴി-പായിപ്ര റോഡിലെ അപകട കുഴികൾ യു.ഡി.എഫ് പ്രവർത്തകർ നികത്തി. നെല്ലിക്കുഴി പായിപ്ര റോഡിലെ കക്ഷായിപ്പടി ഭാഗത്തുള്ള അപകട കുഴികളാണ് യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും പ്രദേശവാസികളും ചേർന്ന് മണ്ണും മെറ്റലും ഉപയോഗിച്ച് നികത്തിയത്. കഴിഞ്ഞ 6 വർഷമായി റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വാഹന അപകടങ്ങൾ പതിവ് കാഴ്ചയാണ്. റോഡ് നിർമ്മാണം പൂർത്തികരിക്കണം എന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വത്തിൽ നിരവധി സമരങ്ങളും പരാതികളും സമർപ്പിച്ചിട്ടും പൊതുമരാമത്ത് അധികാരികൾ തിരിഞ്ഞ് നോക്കാത്ത സാഹചര്യത്തിലാണ് കുഴിയടപ്പ് സമരം സംഘടിപ്പിച്ചത് .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം. ബഷീർ, യു.ഡി.എഫ് ചെയർമാൻ കെ.എം.കുഞ്ഞുബാവ കൺവീനർ മുഹമ്മദ് കൊളത്താപ്പിള്ളി, കെ.എം. ഹാരീസ് കാവാട്ട്, റ്റി.പി.ഷിയാസ്, പി.എം.നവാസ് ,അസീസ് മാമോളം തുടങ്ങിയവർ നേതൃത്വം നല്കി.