കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത് അതിർത്തിയിൽ നാളെ വ്യാഴാഴ്ച മുതൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ പഞ്ചായത്തിൽ നടന്ന അവലോകന യോഗം തീരുമാനിച്ചു. യോഗം ആൻ്റണി ജോൺ എം എം എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷനായി.
തീരുമാനങ്ങൾ
1.പഴം,പച്ചക്കറി,പലവ്യഞ്ജന കടകൾ,മൊബൈൽ ഷോപ്പുകൾ, ബേക്കറികൾ,മൽസ്യ മാംസ കടകൾ എന്നിവ രാവിലെ 7 മുതൽ 2 വരെ മാത്രമേ പ്രവർത്തിക്കാവൂ.
2.ഹോട്ടലുകൾ പാർസൽ സർവീസുകൾക്ക് മാത്രമായി വൈകിട്ട് 7 വരെ പ്രവർത്തിക്കാവുന്നതാണ്. ചായ,കാപ്പി എന്നിവ നൽകരുത്.
3.ഓട്ടോറിക്ഷകൾ, ടാക്‌സികൾ,ലോറികൾ, എന്നിവ സ്റ്റാന്റിൽ ഓടരുത്.
4.ഫർണിച്ചർ,വാഹന വർക്ഷോപ്പുകൾ എന്നിവിടങ്ങളിൽ അത്യാവശ്യ ജോലിക്കാർ മാത്രം എത്തി ജോലിയ്ക്ക് ശേഷം കൂട്ടംകൂടാതെ തിരികെ പോകേണ്ടതാണ്.
5.വഴിയോര കച്ചവടം അനുവദിക്കുന്നതല്ല.
6.ഉച്ചക്ക് 2 ന് ശേഷം ആശുപത്രി ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കുന്നതാണ്.
7.അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെയും കൂട്ടം കൂടുന്നവർക്കെതിരെയും പോലീസ് ശിക്ഷാ നടപടി കൈക്കൊള്ളുന്നതാണ്.
8.രാവിലെയും വൈകുന്നേരവും അതിഥി തൊഴിലാളികൾ കൂട്ടം കൂടുന്നത് തടയാൻ പോലീസ് നടപടി സ്വീകരിക്കുന്നതാണ്.
9.അതിഥി തൊഴിലാളികൾ നാട്ടിൽ നിന്നും തിരികെയെത്തുമ്പോൾ ആർ ടി പി സി ആർ ടെസ്റ്റ് നടത്തിയ ശേഷം മാത്രമേ തൊഴിലിടങ്ങളിലും താമസ സ്ഥലത്തും പ്രവേശിപ്പിക്കാൻ പാടുള്ളൂ.ഇപ്രകാരമുളള ഏതെങ്കിലും നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ തൊഴിൽ/കെട്ടിട ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും.
ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതി ലഭിച്ചാൽ പഞ്ചായത്തിൽ ഓക്സിജൻ സംവിധാനമടക്കം 50 ബെഡ്ഡുകളുള്ള ഡി സി സി ആരംഭിക്കാനുള്ള ക്രമീകരണങ്ങളും പൂർത്തിയായതായി പ്രസിഡൻറ് പി എം മജീദ് പറഞ്ഞു.