നെല്ലിക്കുഴി : പാലക്കാട്ട് കാട്ടാനയെ ക്രൂരമായികൊന്നതുപോലെ ചെറുവട്ടൂരിലെ സാമൂഹികദ്രോഹികളായ ‘പാതിരാസഞ്ചാരികൾ ‘ നാട്ടുകാർ പരിപാലിക്കുന്ന ഓമനനായ്ക്കളെ കൊന്നൊടുക്കുന്നതായി പരാതി. തെരുവ്നായ്ക്കൾക്ക്പോലും ഭക്ഷണം നൽകാൻ സന്മനസ്സു കാണിക്കണമെന്ന് ലോക്ക്ഡൗൺ കാലവാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി നൽകിയ ജീവകാരുണ്യപരമായ അഭ്യർത്ഥന കേരള ജനത ശ്രവിച്ചിട്ട് അധികനാളായിട്ടില്ല. ജീവിസ്നേഹത്തിൻ്റെ മഹിത മാതൃകയായി വാഴ്ത്തപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഭ്യർത്ഥന ചെവിക്കൊണ്ട് സംസ്ഥാനത്തെപോലീസ് സേനപോലും വ്യാപകമായി ഭക്ഷണമെത്തിച്ചുകൊടുത്ത അന്തരീക്ഷം നിലനിൽക്കെയാണ് ചെറുവട്ടൂരിൽ പൈശാചികമായ രീതിയിൽ തെരുവുനായകളെ സാമൂഹിക വിരുദ്ധർ കൊന്നൊടുക്കുന്നത്.
ചെറുവട്ടൂർ ആയുർവ്വേദാശുപത്രി പരിസരത്ത് സമീപത്തെ സ്ഥാപന ഉടമകളും വീട്ടുകാരും പരിപാലിച്ചു പോന്ന നായകളിൽ രണ്ട് എണ്ണത്തിനെയാണ് ഒരു മാസത്തിനുളളിലായി അതിക്രൂരമായ രീതിയിൽ കൊന്നത്. ഇണക്കമുള്ള നായകൾക്ക് മാംസത്തിനുള്ളിൽ കുപ്പിച്ചില്ല് പൊടിച്ചതും മൊട്ടുസൂചിയും ചേർത്ത് സൂത്രത്തിൽനൽകുകയായിരുന്നുവത്രേ. ഏറ്റവുംഒടുവിലായി ഇത് അകത്ത് ചെന്ന ഒരുനായ രണ്ടു ദിവസത്തോളം വേദനതിന്ന് നരകിച്ച് ആയുർവ്വേദാശുപത്രി പരിസരത്തെ പൊന്തക്കാട്ടിൽ കിടന്നു. ഈ കൊടും ക്രൂരതയ്ക്ക് ഇരയായ പാവംനായ ഏന്തിവലിഞ്ഞ് നിത്യവും ഭക്ഷണം കൊടുക്കാറുള്ള സ്ഥാപനത്തിന് മുമ്പിൽ വന്ന് മരണവെപ്രാളം കാട്ടിയതോടെയാണ് ആരുടെയും കരളലിയിക്കുന്ന പൈശാചിക സംഭവമറിഞ്ഞത്. തുടർന്ന്സ്ഥാപനഉടമകളും പരിസരവാസികളും ചേർന്ന് മൃഗപരിപാലന സംരക്ഷണ സംഘടനയായ മുവാറ്റുപുഴ ദയയിൽ വിവരമറിയിച്ചു. ദയകോർഡിനേറ്റർ അമ്പിളിയുടെ നേതൃത്യത്തിൽ ഞായറാഴ്ച രാവിലെ സ്ഥലത്തെത്തി നായയെ കൊണ്ടുപോകാൻ തീരുമാനിച്ചപ്പോഴേക്കും കുടൽപൊട്ടി രക്തംവാർന്ന് വേദനകൊണ്ട് പിടഞ്ഞ് നാട്ടുകാരുടെ ഓമനയായിരുന്ന ആർക്കും ഒരു ഉപദ്രവവുമില്ലാതിരുന്ന ആ പെൺനായ മരണപ്പെട്ടു. ഇതിൻ്റെ മൂന്നു കുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമം നടന്നിരുന്നെങ്കിലും അവറ്റകൾക്രൂരന്മാരായ കൊലയാളികളിൽ നിന്നും ഓടിരക്ഷപ്പെട്ടിരുന്നു.
ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ രാത്രി കാലങ്ങളിൽ കഞ്ചാവ് വിതരണത്തിന് രഹസ്യമായി എത്തുന്ന ലഹരി മാഫിയയ്ക്ക് നാട്ടുകാരുടെ കാവൽ നായകളായി നിലകൊണ്ടിരുന്ന ഇവ തടസ്സമായിരുന്നതായി പരിസരവാസികൾ പറയുന്നു. അതുപോലെ ചെറുവട്ടൂർ ഗവ.ആയുർവ്വേദാശുപത്രിയ്ക്കും ഈ നായകൾ രാത്രി നേരത്ത് കാവലായിരുന്നു. ഇരുളിൻ്റെ മറവിൽ അനാശാസ്യത്തിനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കും ഇറങ്ങി നടക്കുന്ന ‘പാതിരാസഞ്ചാരി’ കൾക്കും ഈ നായകൾ വലിയപ്രതിബന്ധമായിരുന്നുവത്രെ.
അത്തരം സാമൂഹികദ്രോഹികളുടെ ഗണത്തിൽപ്പെട്ടവരാകാം പാലക്കാട് മിണ്ടാപ്രാണിയായ ഒരു കാട്ടാനയെ പൈനാപ്പിളിനുള്ളിൽ പടക്കം വച്ച് തീറ്റിച്ച് കൊന്നതുപോലെയുള്ള സമാനമായ ക്രൂരതയിൽ ചെറുവട്ടൂരിലെ നായകളെ കൊന്നൊടുക്കുന്നതെന്നാണ് നാട്ടുകാരുടെ അനുമാനം.
ഒരു മാസംമുമ്പ് എല്ലാവരുടെയും ഓമനയായിരുന്ന വർഷങ്ങളായി ഇണങ്ങി കഴിയുന്ന മുത്തശ്ശി നായയെ കാഞ്ഞിരത്തിൻ്റെ തോൽ അരച്ചുനൽകി കൊന്നിരുന്നു. ഈ പൈശാചികതകൾ ചൂണ്ടിക്കാട്ടി സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് ആയുർവ്വേദാശുപത്രി പരിസരവാസികൾ കോതമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.