നെല്ലിക്കുഴി : സി.പി.ഐ.(എം) നെല്ലിക്കുഴി സൗത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി സഖാവ് സിദ്ധിഖുൽ അക്ബറിന്റെ (56) വിയോഗത്തിൽ വിവിധ കക്ഷിരാഷ്ട്രീയ നേതാക്കളും സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ളവരും പങ്കെടുക്കുന്ന അനുശോചന സമ്മേളനമാണ് നെല്ലിക്കുഴി സൗത്ത് ലോക്കൽ കമ്മറ്റി ആസ്ഥാനമായ ചെറുവട്ടൂർ കവലയിൽ സംഘടിപ്പിച്ചിരിക്കുന്നത്. CPI(M) കോതമംഗലം ഏരിയാ സെക്രട്ടറി സഖാവ് ആർ.അനിൽകുമാർ, ആന്റണി ജോൺ MLA എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന അനുശോചന സമ്മേളനത്തിൽ ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളും എല്ലാ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളും വിവിധ സാമൂഹിക സംഘടനാ ഭാരവാഹികളും പങ്കെടുക്കും.
ചൊവ്വാഴ്ച വൈകിട്ട് പെട്ടെന്നുണ്ടായ ശാരീരിക ആസ്വാസ്ഥ്യത്തേതുടർന്ന് കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് വൈകിട്ട് 6.30 ഓടെ സഖാവിന്റെ മൃതദേഹം മേതല പുതുപ്പാലത്തിനടുത്തുള്ള വീട്ടിലെത്തിച്ചതു മുതൽ അന്ത്യോപചാരമർപ്പിക്കാൻ രാത്രി വൈകിയും അണമുറിയാതെയുള്ള വൻ ജനപ്രവാഹമായിരുന്നു.
സംസ്ഥാന വൈദ്യുത വകുപ്പു മന്ത്രി എം.എം.മണി, സി.പി.ഐ.(എം) എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, ഡി.വൈ.എഫ്.ഐ.സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്, ഡീൻ കുര്യാക്കോസ് എം.പി, സി.പി.ഐ.(എം) സംസ്ഥാന നേതാവ് ഗോപികോട്ടമുറിയ്ക്കൽ, മുൻ എം.പി. ജോയിസ് ജോർജ്ജ്, ആന്റണി ജോൺ എം.എൽ.എ., സി.പി.എം. കോതമംഗലം ഏരിയാ സെക്രട്ടറി ആർ.അനിൽകുമാർ, കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്,അങ്കമാലി ടെൽക്ക് ചെയർമാൻ എൻ.സി.മോഹനൻ, സി.പി.ഐ.(എം) ജില്ലാ നേതാക്കളായ പി.എം.ഇസ്മായിൽ, പി.ആർ.മുരളീധനരൻ, കർഷക സംഘം നേതാവ് പി.കെ.സോമൻ, വി.പി.ശശീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം, ജില്ലാ പഞ്ചായത്ത് മെംബർ കെ.എം. പരീത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ രഞ്ജിനി രവി, നിർമ്മല മോഹനൻ, പി.കെ.മൊയ്തു, വിവിധ മേഖലകളിൽ നിന്നുള്ള പൗരപ്രമുഖരായ അസീസ് റാവുത്തർ, കെ.എ. ജോയി, സി.പി.എസ്.ബാലൻ, കെ.പി.മോഹനൻ, കെ.എ.നൗഷാദ്, പി.എം.മജീദ്, പി.എം.മുഹമ്മദാലി, കെ.ജി.ചന്ദ്രബോസ്, കെ.ബി.മുഹമ്മദ്, ഒ.ഇ.അബ്ബാസ്, കെ.കെ.ഗോപി, അലി പുല്ലാരിൽ, പി.എം.അഷ്റഫ്, ടി.എം.അബ്ദുൾ അസീസ്, സഹീർ കോട്ടപറമ്പിൽ, കെ.പി.രാമചന്ദ്രൻ, ഏ.ആർ.വിനയൻ, പരീക്കുട്ടി കുന്നത്താൻ, എം.ബി.അബ്ദുൾ ഖാദർ മൗലവി, ജയകുമാർ ചെങ്ങമനാട്, മനോജ് നാരായണൻ, സി.പി.മുഹമ്മദ്, സലാം കവാട്ട്, എൻ.ആർ.രാജേഷ്, എ.എൻ.ബാലകൃഷ്ണൻ, പി.എം.മൈതീൻ, എം.എസ്.എൽദോസ്, കെ.എം.മുഹമ്മദ്, ജയപ്രകാശ് തൃക്കളത്തൂർ, നവാസ് വലിയപറമ്പിൽ, കെ.എം.ആസാദ്, സി.കെ. സത്യൻ, എം.കെ.സുരേഷ്, എം.ഐ.നാസർ, അൻഷാദ്, വി.എം. ജുനൈദ്, ഷിജോ എബ്രഹാം, കെ.പി. ജയകുമാർ, പി.എച്ച്. ഷിയാസ് എന്നിവരടക്കം ഒട്ടേറെപേർ വീട്ടിലെത്തി പരേതന് അന്ത്യോപചാരമർപ്പിച്ചു.
നാലു പതിറ്റാണ്ട് മുമ്പ് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയും തുടർന്ന് യുവജനപ്രസ്ഥാനത്തിലൂടെയും പൊതു പ്രവർത്തന രംഗത്തേക്ക് കടന്നു വന്ന സിദ്ധിഖുൽ അക്ബർ സൗമ്യമായ പെരുമാറ്റം കൊണ്ട് എല്ലാവർക്കും പ്രിയങ്കരനായിരുന്നു.
രണ്ടു ദിവസം മുമ്പ് കേരള കർഷകസംഘത്തിന്റെ ജാഥ നയിച്ച് കർമ്മോൽസുകനായി നിലകൊണ്ട സിദ്ധിഖുൽ അക്ബറിന്റെ ആകസ്മികമായ വേർപാട് അദ്ദേഹത്തിന്റെ തട്ടകമായ കുറ്റിലഞ്ഞിയിലും ചെറുവട്ടൂരിലും പാർട്ടി പ്രവർത്തകർക്ക് ശരിക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. മൂന്നുവട്ടം നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് മെംബറായ സിദ്ധിഖുൽ അക്ബർ കുറ്റിലഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുകൂടിയാണ്.
ചെറുവട്ടൂർ മുളയ്ക്കകുടി കുടുംബാംഗം ഖദീജ ബീവിയാണ് ഭാര്യ. മക്കൾ: ഷബാസ് (ദുബൈ), ശബ്ന, മുഹമ്മദ് സാഹിൽ, മരുമക്കൾ ഹമീദ, ഷിബിൻ എന്നിവർ. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് മേതല ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.
You must be logged in to post a comment Login